മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ബറോസ് ഓണത്തിന് പ്രേക്ഷകർക്കു മുൻപിലെത്തും. ചിത്രം സെപ്റ്റംബർ 12ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് സിനിമാ ലോകം. സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ പൂര്‍ത്തിയായിരുന്നു. ബറോസിന്റെ സ്പെഷല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലാന്‍ഡിലുമാണ് ചെയ്യുന്നത്. മറ്റു ജോലികള്‍ മിക്കതും പൂര്‍ത്തിയായി.
2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ‘ബറോസിന്റെ’ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തിൽ ആദ്യം പരീക്ഷിച്ചത്.