റെക്കോർഡിട്ട് എൽഐസി;അഭിമാനകരമായ പദവി തിരിച്ചുപിടിച്ചു

2023 പകുതിമുതൽ 2024 ഫെബ്രുവരി ആദ്യംവരെയുള്ള കണക്കെടുപ്പിൽ പൊതുമേഖലാ ഓഹരികൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടു വലിയ തിരിച്ചു വരവാണു നടത്തിയത്.അതിൽ ശ്രദ്ധേയമാകുന്നത് എൽഐസി ആണ്.

949 എന്ന ഇഷ്യുവിലയിൽനിന്ന് 534വരെ താഴ്ന്നടിഞ്ഞ എൽഐസിക്ക്, 2024 പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കുന്ന വർഷമായി. ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഒരു മാസത്തിൽ 29ഉം ആറു മാസത്തിൽ 68ഉം ഒരു വർഷത്തിൽ 74 ഉം ശതമാനം ഉയർന്ന എൽഐസി ഓഹരിയുടെ വിപണിമൂല്യം ഇപ്പോൾ 7 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. ഈ ശ്രദ്ധേയമായ ഉയർച്ചയോടെ, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയെക്കാൾ മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമെന്ന അഭിമാനകരമായ പദവി എൽഐസി നേടിയെടുത്തു.

ഒപ്പം ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ ഇന്ത്യൻ ലിസ്റ്റഡ് കമ്പനി എന്ന പദവിയും എൽഐസി തിരിച്ചുപിടിച്ചു. ബാങ്കിങ് വമ്പൻമാരായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എഫ്എംസിജി ഭീമൻമാരായ എച്ച്‌യുഎൽ, ഐടിസി എന്നിവരെക്കാളും ഉയർന്ന വിപണി മൂലധനമാണ് എൽഐസിക്ക് ഇപ്പോഴുള്ളത്. ഐടിയിൽ എച്ച്‌സിഎൽ, വിപ്രോ എന്നിവരെയും എൻബിഎഫ്‌സിയിൽ ഏറ്റവും വലിയ കമ്പനിയായ ബജാജ് ഫിനാൻസിനെയും എൽഐസി മറികടന്നു. ചുരുക്കിപ്പറഞ്ഞാൽ എൽഐസിയുടെ വിപണി മൂലധനം നിഫ്റ്റി 50ൽ ലിസ്റ്റ് ചെയ്തിട്ടുള്ള 45 കമ്പനികളെക്കാൾ കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *