നിർമാതാവിന്റെ മേലങ്കിയാണ് രാമായണം സിനിമയിൽ യാഷ് അണിയുന്നത്. യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് നിർമാണ പങ്കാളിയായി എത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും നിർമാതാക്കളാണ്. 700 കോടിക്ക് മുകളിലാണ് രാമായണത്തിന്റെ ബജറ്റ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന രാമായണക്കഥ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന ഉത്തവാദിത്തം നിറവേറ്റാൻ ഇന്ത്യൻ സിനിമയുടെ മുഖമായ യാഷിനെ ലഭിച്ചതിൽ അഭിമാനമുണ്ടെന്നാണ് നമിത് മല്‍ഹോത്ര പറഞ്ഞത്. ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്തുന്ന സിനിമ നിർമിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനായി നമിത് മല്‍ഹോത്രയുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും യാഷ് അറിയിച്ചു
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമ ആണ് രാമായണം. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അടുത്തിടെ സിനിമയിൽ നിന്നും സായ് പല്ലവി പിന്മാറി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പകരം ജാന്‍വി കപൂറായിരിക്കും സിനിമയിൽ നായിക ആയി എത്തുക എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ‘രാമായണം’ സിനിമയില്‍ സണ്ണി ഡിയോൾ ഹനുമാനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്