ഇന്ത്യയുടെ ഭാവി AI,ഇലക്ട്രോണിക്സ് മേഖലകളിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഇന്ത്യയുടെ ഭാവി നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയിലാണെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്‌സ് സെൻ്റർ തിരുവനന്തപുരം ടെക്‌നോപാർക്ക് കാമ്പസിലെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഈ മൂന്ന് മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഇന്ത്യയുടെ ഫ്യുച്ചർ ലാബ് പരിചയപെടുത്താൻ സി ഡാക് അവസരം ഒരുക്കണമെന്നും ശ്രീ രാജീവ്‌ ചന്ദ്രശേഖർ ചടങ്ങിൽ ആവശ്യപ്പെട്ടു.

രാജ്യത്ത് കഴിഞ്ഞ 2 വർഷത്തിൽ സെമി കണ്ടക്ടർ മേഖലയിൽ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. ബഹിരാകാശം, സുരക്ഷ, നിരീക്ഷണം എന്നിവയ്‌ക്കായുള്ള ഇലക്ട്രോണിക്‌സ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ചന്ദ്രയാനിലും ഐഎൻഎസ് വിക്രമാദിത്യയിലും ഉപയോഗിച്ചത് ഈ മേഖലയിലെ രാജ്യത്തിന്റെ കാര്യക്ഷമതയുടെ തെളിവാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഇന്ത്യൻ റെയിൽവേയിൽ മുൻപെങ്ങും ഇല്ലാത്ത ഡിജിറ്റൽവത്കരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി ഡാക് വികസിപ്പിച്ച പരം ശാവക് ഡെസ്ക്‌റ്റോപ് അധിഷ്ഠിത സൂപ്പർ കമ്പ്യൂട്ടർ കേന്ദ്ര സഹമന്ത്രി ചടങ്ങിൽ പുറത്തിറക്കി. ഇലക്ട്രിക് ലോക്കോമോട്ടീവ് സാങ്കേതികവിദ്യയുടെ വികസനത്തിനായി സി-ഡാക്കും റെയിൽവേ മന്ത്രാലയവും തമ്മിലുള്ള സഹകരണ പ്രഖ്യാപനത്തിനും മൈക്രോഗ്രിഡ് സാങ്കേതികവിദ്യയുടെ വികസനത്തിനും വിന്യാസത്തിനുമായി സി-ഡാക്കും ടാറ്റ പവറും തമ്മിലുള്ള ധാരണാപത്രങ്ങളും ചടങ്ങിൽ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *