അത്യാധുനിക രൂപകൽപനയിൽ തിരുവനന്തപുരം വഴുതക്കാട്ട് 600 കോടി ചെലവിൽ നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടൽ ഹയാത്ത് റീജൻസി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടൽ ശൃംഖലയായ ഹയാത്ത് ഹോട്ടൽസ് കോർപറേഷനും ചേർന്ന് കേരളത്തിൽ ആരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണിതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി അറിയിച്ചു. രാജ്യത്ത് പതിനഞ്ചാമത്തെ ഹയാത്ത് റീജൻസിയാണിത്.
കാർ പാർക്കിങ് ഉൾപ്പെടെ 2.2 ഏക്കറിൽ, 8 നിലകളിലായാണ് ഹോട്ടൽ. 1000 പേർക്ക് ഇരിക്കാവുന്ന ഗ്രേറ്റ് ഹാൾ, 10,500 ചതുരശ്ര അടി സ്വിമ്മിങ് പൂൾ, ഗ്രേറ്റ് ഹാളിനൊപ്പം 700 പേർക്ക് ഒരേസമയം ഇരിക്കാവുന്ന റോയൽ ബോൾ റൂം, ക്രിസ്റ്റൽ എന്നിങ്ങനെ 3 വേദികളിലായി 20,000 ചതുരശ്രയടി വിസ്തീർണമുള്ള ഡൈനമിക് ഇവന്റ് സ്‌പേസാണ് ഹോട്ടലിനുള്ളത്. 1,650 ചതുരശ്ര അടി പ്രസിഡൻഷ്യൽ സ്വീറ്റാണ് പ്രധാന ആകർഷണങ്ങളിലൊന്ന്
പുറമേ ഡിപ്ലോമറ്റിക് സ്വീറ്റ്, 6 റീജൻസി സ്വീറ്റുകൾ, 37 ക്ലബ് റൂമുകൾ ഉൾപ്പെടെ 132 മുറികളും 5 റസ്റ്ററന്റുകളും ഹോട്ടലിലുണ്ട്. 400 കാറുകൾക്കും 250 ഇരുചക്ര വാഹനങ്ങൾക്കും ഒരേസമയം പാർക്ക് ചെയ്യാം. ഔട്ട്ഡോർ സ്വിമ്മിങ് പൂളും 24 മണിക്കൂർ ജിമ്മും ആയുർവേദ – പാശ്ചാത്യ തെറപ്പി സൗകര്യങ്ങളുള്ള സ്പായുമുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, എംപിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു