കൊച്ചി – ബെംഗളൂരു ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഊർജിതമാകും

കേരളത്തിലെ വ്യവസായ വളർച്ചയ്ക്ക് ഊർജം നൽകുമെന്നു കരുതുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ജൂണോടെ ഊർജിതമാകും. സ്ഥല വിലയായ 850 കോടി രൂപ ജൂലൈയോടെ വിതരണം ചെയ്യുമെന്നാണു പ്രതീക്ഷ. കിഫ്ബി മുഖേന പണം നൽകുമെന്നു പ്രഖ്യാപിച്ചിട്ടു മാസങ്ങളായെങ്കിലും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണു നടപടികൾ വൈകിയത്.

അങ്കമാലിക്കു സമീപം അയ്യമ്പുഴ വില്ലേജിലെ 358 ഏക്കർ സ്ഥലമാണു ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റിക്കായി (ഗിഫ്റ്റ് സിറ്റി) ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ വൈകുന്നതു സ്ഥലം ഉടമകളെ വലിയ പ്രയാസത്തിലാക്കിയിട്ടുണ്ട്. നിർദിഷ്ട പദ്ധതി പ്രദേശത്തെ സ്ഥലം വിൽപന – പണയ ഇടപാടുകൾ മരവിപ്പിച്ചിരിക്കുന്നതിനാൽ ഉടമകൾക്കു സാമ്പത്തിക ആവശ്യത്തിനു മറ്റു വഴികളില്ല. സർക്കാർ എത്രയും പെട്ടെന്നു സ്ഥലം ഏറ്റെടുത്തു പണം കൈമാറണമെന്നാണു സ്ഥലം ഉടമകളുടെ ആവശ്യം.

വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചി മുതൽ പാലക്കാട് ജില്ലയുടെ തമിഴ്നാട് അതിർത്തി വരെയുള്ള 160 കിലോമീറ്ററിൽ 6 വ്യവസായ ക്ലസ്റ്ററുകളാണു വിഭാവനം ചെയ്യുന്നത്. ഏറ്റെടുക്കുന്നതു മൊത്തം 2,185 ഏക്കർ സ്ഥലം. അയ്യമ്പുഴയിൽ മാത്രം 358 ഏക്കർ. ആദ്യ ഘട്ട വികസനം നടക്കുന്ന പാലക്കാട് ജില്ലയിൽ സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാണു നടന്നത്. എന്നാൽ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അന്തിമ അനുമതി നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *