ഓഹരി വിപണിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മിന്നും പ്രകടനത്തോടെ എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കടന്നു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയായി മാറാനും ഇതിലൂടെ എൽഐസിയ്ക്ക് സാധിച്ചു. പാദഫലങ്ങൾ പുറത്ത് വന്ന ശേഷം, എൽഐസിയുടെ ഓഹരികളിൽ ശക്തമായ മുന്നേറ്റമുണ്ടായി . ഓഹരിയിൽ 6% ത്തിലധികം വർധനയാണ് ഉണ്ടായത്.
ഇന്നലെയാണ്, എൽഐസി പാദ ഫലങ്ങൾ പുറത്തുവിട്ടത്. കണക്കുകൾ പ്രകാരം എൽഐസിയുടെ ലാഭം 49% വർധിച്ച് 9,444 കോടി രൂപയായി. അറ്റ പ്രീമിയം 5% വർധിച്ച് 1,17,017 കോടി രൂപയായി. കമ്പനിയുടെ അറ്റവരുമാനം 2,12,447 കോടി രൂപയാണ് . ത്രൈമാസ ഫലത്തോടൊപ്പം കമ്പനി ഓഹരി ഒന്നിന് 4 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓഹരി വില ആദ്യമായി 1000 രൂപ കടന്നത്. ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനികളിൽ റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനത്തും ടാറ്റ കൺസൾട്ടൻസി സർവീസസ് രണ്ടാം സ്ഥാനത്തും എച്ച്ഡിഎഫ്സി ബാങ്ക് മൂന്നാം സ്ഥാനത്തും ഐസിഐസിഐ ബാങ്ക് നാലാം സ്ഥാനത്തുമാണ്.
രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി എൽഐസി ഓഹരികളെക്കുറിച്ച് പരാമർശിച്ചിരുന്നു. എൽഐസിയുടെ ഓഹരികൾ റെക്കോർഡ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നതെന്ന് നെഞ്ച് ഉയർത്തിപ്പിടിച്ച് പറയാൻ ആഗ്രഹിക്കുന്നുവെന്നാണ് മോദി എൽഐസിയുടെ നേട്ടത്തെക്കുറിച്ച് പരാമർശിച്ചത്. 2022 മെയ് 17-ന് ലിസ്റ്റുചെയ്തതിനുശേഷം എൽഐസി അതിന്റെ നിക്ഷേപകർക്ക് 28 ശതമാനത്തിലധികം നേട്ടമാണ് നൽകിയത്. എൽഐസിയുടെ ഓഹരി വില അതിന്റെ ഐപിഒ പ്രൈസ് ബാൻഡായ 949 രൂപയിൽ നിന്ന് 20 ശതമാനത്തിലധികം ആണ് വർദ്ധിച്ചത്.