ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ചെങ്കടൽ മേഖലയിൽ കപ്പലുകൾക്ക് നേരെ ആവർത്തിച്ച് ആക്രമണം നടത്തുകയാണ്. സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാൻ കപ്പലുകൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നുണ്ട്. ഇതുമൂലം, കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയുള്ള ഗതാഗത സമയം ഏകദേശം 20 ദിവസത്തോളം വർദ്ധിച്ചതിനാൽ ചരക്ക് കടത്ത് ചെലവും വർദ്ധിച്ചു. ഗതാഗത ചെലവ് വർധിച്ചതോടെ ഇൻഷുറൻസ് പ്രീമിയവും വർധിച്ചിട്ടുണ്ട്.
ചെങ്കടൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിയും വ്യാപാരത്തിലും ചരക്ക് കടത്തിലുമുള്ള പ്രശ്നങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ അവലോകനം ചെയ്‌തേക്കും. വിഷയത്തിൽ വാണിജ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
കണ്ടെയ്‌നറുകൾ കയറ്റി അയക്കുന്നതിന്റെ 30 ശതമാനവും ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും ചെങ്കടൽ വഴിയാണ്. യൂറോപ്പുമായുള്ള ഇന്ത്യയുടെ വാണിജ്യ വ്യാപാരത്തിന്റെ 80 ശതമാനവും ഇതുവഴിയാണ് നടക്കുന്നത്. കപ്പലുകൾ കൂടുതൽ ദൂരം സഞ്ചരിക്കുന്നുണ്ടെങ്കിലും ഇതുവരെ ചരക്ക് കടത്ത് തടസപ്പെട്ടിട്ടില്ല. ഡിസംബറിലെ വ്യാപാര കണക്കുകളിൽ ആഘാതം ദൃശ്യമല്ലെന്നും എന്നാൽ കയറ്റുമതിയിലും ഇറക്കുമതിയിലും ഉള്ള ചെങ്കടൽ പ്രതിസന്ധിയുടെ സ്വാധീനം സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ക്രിസിലിന്റെ കണക്കുകൾ അനുസരിച്ച്, ചെങ്കടൽ പ്രതിസന്ധി വിവിധ മേഖലകളിൽ വ്യത്യസ്ത തരത്തിലാണ് സ്വാധീനങ്ങൾ ചെലുത്തുന്നത്. പഴകുന്ന വസ്തുക്കളായതിനാൽ കാർഷികോൽപ്പന്നങ്ങളും സമുദ്രോത്പന്നങ്ങളും കയറ്റി അയക്കുന്നവർക്ക് ചെങ്കടൽ പ്രതിസന്ധി കാര്യമായ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. ചെങ്കടലിലെ സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ, കപ്പലുകൾ കൂടുതൽ ദൂരം സഞ്ചരിക്കുന്നതിനാൽ, ഷിപ്പിംഗ് സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിക്കാൻ പൊതുമേഖലാ ബാങ്കുകളോടും ഇൻഷുറൻസ് കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി