കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രധാനമന്ത്രി സൂര്യോദയ പദ്ധതിയിൽ 3 കിലോവാട്ട് വരെയുള്ള പുരപ്പുറ സൗരോർജ ഉൽപാദനത്തിനുള്ള സബ്സിഡി വീണ്ടും വർധിപ്പിച്ചേക്കും.ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിൽ ഏറിയ പങ്കും 3 കിലോവാട്ടിൽ താഴെയാകാൻ സാധ്യതയുള്ളതിനാൽ ഈ വിഭാഗത്തിലെ സബ്സിഡി വീണ്ടും വർധിപ്പിക്കാനാണ് പുനരുപയോഗ ഊർജമന്ത്രാലയം ലക്ഷ്യമിടുന്നതെന്നാണ് വിവരം.
ഉദാഹരണത്തിന്, കഴിഞ്ഞ വർഷം വരെ 3 കിലോവാട്ട് പ്ലാന്റുകൾക്ക് 43,764 രൂപയായിരുന്നു സബ്സിഡിയെങ്കിൽ ഇക്കൊല്ലമിത് 54,000 രൂപയായി ഉയർത്തിയിരുന്നു. ഇത് വീണ്ടും ഉയർന്നേക്കും. മൂന്നിനു മുകളിലുള്ള ഓരോ കിലോവാട്ടിനും (പരമാവധി 10 കിലോവാട്ട് വരെ) നിലവിൽ 9,000 രൂപയാണ് സബ്സിഡി.