സംസ്ഥാനത്ത് മണ്ണും കല്ലും ഉൾപ്പെടെയുള്ള അവശ്യ വസ്‍തുക്കളുടെ ക്ഷാമം കാരണം ദേശീയപാത നിർമാണം പ്രതിസന്ധിയിലായതോടെ നിർദേശങ്ങളിൽ സംസ്ഥാന സർക്കാർ അയവുവരുത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ചർച്ചയിലാണ് തീരുമാനമായത്. ഖനനം സംബന്ധിച്ച് അതത് ജില്ലാ കളക്ടർമാർക്കും റവന്യൂ വിഭാഗത്തിനും നടപടിയെടുക്കാമെന്നും അനുമതി ജിയോളജി വകുപ്പുകൾ വേഗത്തിൽ കൈക്കൊള്ളണമെന്നുമാണ് യോഗത്തിലെ തീരുമാനം.
ദേശീയ പാതയ്ക്ക് ആവശ്യമായ നിർമാണസാമഗ്രികൾ കൊണ്ടുപോകുന്ന ലോറികളും മറ്റും മോട്ടോർ വാഹനവകുപ്പ് അധികൃതർ പിടിച്ചെടുക്കുകയാണെന്ന പരാതിയും മുഖ്യമന്ത്രിക്ക് മുന്നിൽ ദേശീയപാത വിഭാഗം അധികൃതർ ഉന്നയിച്ചു. പോലീസും ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് ഉപദ്രവിക്കുകയാണെന്നും ഇക്കാരണങ്ങളാൽ നിർമാണം പ്രതിസന്ധിയിലായതായും അധികൃതർ യോഗത്തിൽ പറഞ്ഞു. ടിപ്പർ ലോറികളുടെ പകൽ നിയന്ത്രണം ഒഴിവാക്കണമെന്ന ആവശ്യവും ദേശീയപാത വിഭാഗം ഉന്നയിച്ചു. ഇതോടെ ഇക്കാര്യങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് അതത് ജില്ലകൾ തീരുമാനം എടുക്കണമെന്നും നിർമാണത്തിൽ പ്രതിസന്ധി ഉണ്ടാകില്ലെന്നും സർക്കാർ ദേശീയപാത അതോറിറ്റിയെ അറിയിച്ചു. പാറ, മണ്ണ് ഖനനം നൽകിയ അപേക്ഷകൾ പരിശോധിച്ച് വേഗം തീരുമാനമെടുക്കണമെന്നും യോഗം തീരുമാനിച്ചു.
അതേസമയം എറണാകുളം ബൈപ്പാസ്, കൊല്ലം-ചെങ്കോട്ട റോഡുകൾ നിർമിക്കുമ്പോൾ നിർമാണസാമഗ്രികളുടെ ജിഎസ്‍ടിയും കല്ലിന്റെയും മണ്ണിന്റെയും റോയൽറ്റിയും ഒഴിവാക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ നിർദേശം പരിഗണിക്കാനും സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇതുസംബന്ധിച്ച് ഫയൽ പഠിച്ച് ധനവകുപ്പ് തീരുമാനമെടുക്കുമെന്നും അവർക്ക് അതു കൈമാറുകയാണെന്നും മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചു. ഔട്ടർ റിങ് റോഡുമായി ബന്ധപ്പെട്ട തർക്കം കേന്ദ്രവുമായി ചർച്ചചെയ്ത് പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി.