സെർവർ തകരാറിലായതിനെത്തുടർന്നു 2 ദിവസമായി വിവിധ ഹാൾമാർക്കിങ് സെന്ററുകളിൽ ഗുണമേന്മാമുദ്ര പതിക്കാനാകാതെ സ്വർണാഭരണങ്ങൾ കെട്ടിക്കിടക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ വെബ്സൈറ്റിലുണ്ടായ സാങ്കേതിക പ്രശ്നം കാരണം സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് മുദ്ര പതിച്ചു നൽകാൻ സെന്ററുകൾക്ക് കഴിയാത്തതാണ് പ്രതിസന്ധിക്കു കാരണം. സി–ഡാക്കിന്റെ നിയന്ത്രണത്തിലാണ് ബിഐഎസ് ഹോൾമാർക്കിങ് സൈറ്റായ ‘മാനക്’ പ്രവർത്തിക്കുന്നത്.
നിരന്തരമായി സെർവർ തകരാറിലാക്കുന്നതിനാൽ സി–ഡാക്കിൽനിന്നു സൈറ്റ് മാറ്റണമെന്ന് ജ്വല്ലറികളും ഹാൾ മാർക്കിങ് സെന്ററുകളും ഒരുപോലെ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. പ്രശ്നം വരുംദിവസങ്ങളിലും തുടർന്നാൽ രാജ്യത്തെ സ്വർണാഭരണ മേഖലയെ കാര്യമായി ബാധിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പറഞ്ഞു.