സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർധന. ഇതിലേറെയും റസിഡൻഷ്യൽ അപ്പാർട്മെന്റ് പ്രോജക്ടുകളാണെന്നും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) 2023 കലണ്ടർ വർഷത്തിലെ പ്രോജക്ടുകളെക്കുറിച്ച് പുറത്തിറക്കിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ഏകദേശം 6800 കോടി രൂപയുടെ പുതിയ പ്രോജക്ടുകൾ റജിസ്റ്റർ ചെയ്തതായാണ് കണക്ക്.
2022നെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ റജിസ്ട്രേഷനിൽ 32.7% വർധനയുണ്ട്. 2022ൽ 159 പുതിയ പ്രോജക്ടുകൾ മാത്രം റജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തത് 211. ആകെ 191 പ്രോജക്ടുകൾ 2023ൽ പൂർത്തിയായി.
2023ൽ റജിസ്റ്റർ ചെയ്തവയിൽ 122 എണ്ണം റസിഡൻഷ്യൽ അപ്പാർട്മെന്റ് പ്രോജക്ടുകളാണ്. 56 വില്ല പ്രോജക്ടുകളും വന്നിട്ടുണ്ട്. 21 പ്ലോട്ടുകളും റജിസ്റ്റർ ചെയ്തു. കമേഴ്സ്യൽ കം റസിഡൻഷ്യൽ പ്രോജക്ടുകൾ 12. കഴിഞ്ഞ വർഷം 15,14,746.37 ചതുരശ്ര മീറ്റർ ബിൽട്ട് അപ് ഏരിയ റജിസ്റ്റർ ചെയ്തു. അതിൽ 17103.61 ചതുരശ്ര മീറ്ററും കമേഴ്സ്യൽ ഏരിയയാണ്. ആകെ 8587 റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ വിറ്റുപോയി.