ആഗോള തലത്തിൽ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യയെന്നും ഉഡാൻ പദ്ധതി ഇതിനേറെ സഹായിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . യുഎസ് വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ ദേവനഹള്ളിയിലെ അത്യാധുനിക സാങ്കേതികവിദ്യാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഎസിനു പുറത്തെ ബോയിങ്ങിന്റെ ഏറ്റവും വലിയ നിർമാണ കേന്ദ്രമാണിത്. ആഗോള വ്യോമയാന രംഗത്തെ പുതുതലമുറ ഉൽപന്നങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രം ബെംഗളൂരു വിമാനത്താവളത്തിനു സമീപത്തെ എയറോസ്പേസ് പാർക്കിൽ 43 ഏക്കറിൽ 1600 കോടി രൂപ ചെലവിട്ടാണ് നിർമിച്ചത്. വ്യോമയാന രംഗത്ത് വനിതകൾക്കു വേണ്ടി ഒട്ടേറെ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വ്യോമയാന മേഖലയിലേക്ക് സ്ത്രീകളെ ആകർഷിക്കാൻ ശാസ്ത്ര, സാങ്കേതിക, എൻജിനീയറിങ്, മാത്തമാറ്റിക്സ് (സ്റ്റെം) രംഗങ്ങളിൽ തൊഴിൽ നൈപുണ്യ പരിശീലനം ഉറപ്പാക്കുന്ന ‘ബോയിങ് സുകന്യ’ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.150 ഇടങ്ങളിൽ സ്റ്റെം ലാബുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. യാത്രാവിമാനങ്ങളും പോർവിമാനങ്ങളും പറത്തുന്ന പൈലറ്റുമാരിൽ 15% സ്ത്രീകളാണ്. ഇത് ആഗോള ശരാശരിയെക്കാൾ മൂന്നിരട്ടിയാണന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൈലറ്റ് പരിശീലനത്തിന് എത്തുന്ന വനിതകൾക്ക് സ്കോളർഷിപ് നൽകുമെന്ന് ബോയിങ് പ്രസിഡന്റും സിഇഒയുമായ ഡേവിഡ് എൽ.കാലോൺ പറഞ്ഞു.