രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ഓഹരിവില ഇന്നലെ വ്യാപാരത്തിനിടെ 900 രൂപ കടന്നതോടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്ന് എൽഐസി ഒന്നാം സ്ഥാനത്ത് എത്തിയത്. 2022 മേയിൽ ഓഹരിപ്രവേശത്തിനു ശേഷം എൽഐസിയുടെ ഓഹരി വില ഇത്രയും ഉയരുന്നത് ആദ്യമാണ്. വ്യാപാരത്തിനിടെ ഇന്നലെ 3 ശതമാനം ഉയർന്ന് വില 919.45 രൂപയിലെത്തി. ക്ലോസ് ചെയ്തത് 886.90 രൂപയിൽ. എസ്ബിഐ 1.67 ശതമാനം ഇടിഞ്ഞ് 626.15ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എൽഐസിയുടെ വിപണി മൂല്യം 5.61 ലക്ഷം കോടിയായി. എസ്ബിഐയുടെ മൂല്യം 5.59 ലക്ഷം കോടി.