സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം ആകർഷണങ്ങൾ ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാൻ അവസരമൊരുക്കി ഹെലി ടൂറിസം.തുടക്കത്തിൽ 11 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഹെലി ടൂറിസം പ്രാവർത്തികമാകുന്നത്. 6 മുതൽ 12 പേർക്ക് കയറാവുന്ന ഹെലികോപ്റ്ററുകൾ സഞ്ചാരികൾക്കായി സജ്ജമായി കഴിഞ്ഞു. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പാക്കേജുമായാണ് ഹെലി ടൂറിസം അവതരിപ്പിക്കുക.
ഹെലികോപ്റ്റർ ടൂറിസം വിപുലമായ സാധ്യതകൾ കേരളത്തിന് മുന്നിൽ തുറന്നിടുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിലെ കണക്റ്റിവിറ്റി കൂട്ടാനും , ഡെസ്റ്റിനേഷനുകളിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.
ഹെലി ടൂറിസം പദ്ധതിയുടെ ഫെസിലിറ്റേറ്ററായാണ് കേരള ടൂറിസം പ്രവർത്തിക്കുന്നത്. കേരള ടൂറിസത്തെ രാജ്യാന്തര സൗകര്യങ്ങളോട് കിടപിടിക്കുന്ന വിധത്തിലേക്ക് മാറ്റാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം, കൊല്ലം, ജടായുപ്പാറ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, മൂന്നാർ, കുമരകം, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലെ ഹെലിപാഡുകളാണ് ഹെലി ടൂറിസത്തിനായി ഉപയോഗിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ബേക്കൽ കോട്ട പോലുള്ള ടൂറിസം കേന്ദ്രങ്ങളിലും ഹെലിപാഡുകൾ നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.കേരളത്തിലേക്ക് ആഡംബരക്കപ്പലുകളിൽ എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മിക്ക കപ്പലുകളും ഒരു ദിവസമാണ് ഇവിടെ തങ്ങുന്നത്. അതിലെ സഞ്ചാരികൾക്ക് ഹെലി ടൂറിസം ഏറെ പ്രയോജനപ്രദമാകുമെന്നും പറഞ്ഞു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി നടത്തിപ്പിന് കേരള ടൂറിസവും ഏജൻസികളും ആയി ധാരണാപത്രം ഒപ്പുവയ്ക്കും .