കനേഡിയൻ സ്റ്റഡി പെർമിറ്റിന് യോഗ്യത നേടുന്നതിന് ജനുവരി 1 മുതൽ വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇരട്ടി പണം കാണിക്കേണ്ടി വരുമെന്ന് സൂചന. 20,635 കനേഡിയൻ ഡോളറായിരിക്കും ജനുവരി മുതൽ വേണ്ടി വരിക. ഈ തുക വിദ്യാർത്ഥികളുടെ ആദ്യ വർഷത്തെ ട്യൂഷനും യാത്രാ ചെലവും കൂടാതെയാണ്. കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ ആണ് ഈ പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.ജീവിത ചെലവിനായി 23 വർഷമായി 10,000 കനേഡിയൻ ഡോളർ മതിയായിരുന്നു. എന്നാൽ വീട് വാടകയും, ജീവിത ചെലവും കുത്തനെ വർധിച്ചതോടെ വിദ്യാർത്ഥികളുടെ ചെലവും കൂടിയിരിക്കുകയാണ്. ഇതുകൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ വിദ്യാർത്ഥികൾക്ക് കൃത്യമായ പിന്തുണ വീട് കണ്ടുപിടിക്കുന്നതിലും മറ്റ് കാര്യങ്ങളിലും നൽകിയില്ലെങ്കിൽ അവർക്കെതിരെയും നടപടി എടുക്കും എന്ന് ഇമിഗ്രേഷൻ മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.
കാനഡയില്‍ സൗജന്യ ഭക്ഷണം നൽകുന്ന ഫുഡ് ബാങ്കുകളിൽ വിദേശ വിദ്യാർഥികൾ കൂട്ടത്തോടെ എത്തുന്നതുകൊണ്ടു അവർക്ക് ജീവിക്കാൻ ആവശ്യമായ പണം അക്കൗണ്ടുകളിൽ ഇല്ലെന്ന് മനസ്സിലാക്കിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കനേഡിയൻ സർക്കാർ എത്തിയിരിക്കുന്നത്