ബംഗ്ലദേശിൽ പ്രതിസന്ധി രൂക്ഷം , ശ്രീലങ്കയുടെയും, പാകിസ്ഥാന്റെയും വഴിയേ:-

കോവിഡിന്റെ സമയത്ത് 2020 ൽ  ഇന്ത്യക്ക് പോലും നെഗറ്റീവ് വളർച്ച നിരക്ക് ഉണ്ടായപ്പോൾ 3.4 ശതമാനം വളർച്ച രേഖപ്പെടുത്തിയ രാജ്യമാണ് ബംഗ്ലാദേശ്. ഒരു സമയത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥ എന്ന ലേബലുണ്ടായിരുന്ന ബംഗ്ലാദേശ് ഇപ്പോൾ പ്രശ്നങ്ങളുടെ നടുവിലാണ്. ശ്രീലങ്കയ്ക്കും, പാകിസ്ഥാനും ശേഷം ഐ എം എഫിനോട് സാമ്പത്തിക സഹായം ചോദിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ബംഗ്ലാദേശ്.

 സ്ഥിരമായ ധനക്കമ്മി, ഉൽപ്പാദന മേഖലയിലെ വൈവിധ്യവൽക്കരണത്തിന്റെ അഭാവം, ഫോറെക്സ് കരുതൽ ശേഖരം കുറയൽ, ഉയർന്ന പണപ്പെരുപ്പം, നികുതി വെട്ടിപ്പ്, അഴിമതി തുടങ്ങി വിവിധ ഘടകങ്ങൾ രാജ്യത്തിന്റെ  സാമ്പത്തിക വളർച്ചയെ മുരടിപ്പിക്കുകയാണ്. ഇന്ധന വില കുത്തനെ കൂടുന്നതിനാൽ സ്കൂളുകളുടെയും, ഓഫീസുകളുടെയും പ്രവർത്തന സമയം വരെ ഇപ്പോൾ വെട്ടി കുറച്ചിരിക്കുകയാണ്. 

തുണിത്തരങ്ങളുടെയും, റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും ബിസിനസ് കൊണ്ട് പച്ചപിടിച്ച ബംഗ്ലാദേശ്  സമ്പദ് വ്യവസ്ഥയിൽ കുറച്ചു കാലം മുൻപ് വരെ തൊഴിൽ കണ്ടെത്തുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനായി പല വൻകിട ബ്രാൻഡഡ് കമ്പനികളും ബംഗ്ലാദേശിൽ അവരുടെ ഉൽപ്പാദന യൂണിറ്റുകൾ തുറന്നിട്ടുണ്ട്.

അമേരിക്കൻ വിപണിയെ ലക്ഷ്യമാക്കി നടത്തുന്ന  ഇന്ത്യയിലെ ചില ‘ബ്രാൻഡഡ്’  തുണിത്തരങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളും കോവിഡ് മഹാമാരിയുടെ സമയത്ത് അടച്ചുപൂട്ടി ബംഗ്ലാദേശിലേക്ക് ഉല്പാദന യൂണിറ്റുകൾ മാറ്റുകയോ അല്ലെങ്കിൽ അവരുടെ ജോലിക്കാരെ ഇന്ത്യയിൽ നിന്നും നിർബന്ധമായി ബംഗ്ലാദേശിൽ ജോലി ചെയ്യാൻ അയക്കുകയോ ചെയ്തിട്ടുണ്ട്. വേതനം കുറച്ചു കൊടുത്ത് ഉൽപ്പാദനം കൂട്ടാനാണ് കമ്പനികൾ അങ്ങനെ ചെയ്യുന്നത്. വ്യവസായവൽക്കരണം കൊണ്ട് രാജ്യം വളർന്നെങ്കിലും അസമത്വം എന്നും ബംഗ്ലാദേശിൽ കൂടുതലായിരുന്നു.

റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷമാണ് കാര്യങ്ങൾ കൈവിട്ട് പോകാൻ തുടങ്ങിയത്. ഇന്ധന വില വർദ്ധനവ് മൂലം കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ മെരുക്കാൻ പാടുപെടുകയാണ് ബംഗ്ലാദേശ്. ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്ക്  8.9 ശതമാനം ആണെങ്കിലും ഈ ഒരു ഔദ്യോഗിക പണപ്പെരുപ്പ നിരക്ക് വിശ്വസിക്കാൻ രാജ്യാന്തര ഏജന്‍സികളടക്കം ആരും തയ്യാറല്ല. കാരണം ഓഗസ്റ്റ് മാസത്തിൽ 51 ശതമാനമാണ് പെട്രോൾ വില വധിപ്പിച്ചത്. ഇതോടെ എല്ലാ വസ്തുക്കളുടെയും വില ബംഗ്ലാദേശിൽ കുതിച്ചുയർന്നു. സാധാരണക്കാർക്ക് ഭക്ഷണം പോലും വാങ്ങാൻ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയായി. കാര്യങ്ങൾ ശ്രീലങ്കയുടെ അത്രയും വഷളായിട്ടില്ലെന്നു മാത്രം. 

രാജ്യം വളർന്നപ്പോൾ കൂടുതൽ നിർമ്മാണ പദ്ധതികൾ നടത്തിയതിലെല്ലാം അഴിമതിയുടെ കറയായിരുന്നു കൂടുതൽ.  ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ‘മെയ്ഡ് ഇൻ ബംഗ്ലാദേശ്’ എന്ന ലേബൽ ഒട്ടിച്ചു പോലമുള്ള നികുതി വെട്ടിപ്പ് ഒരു  ഉദാഹരണമാണെന്ന്‌ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലാദേശിൽ മാത്രമല്ല ചൈനയുടെ ഇടപെടലുള്ള എല്ലാ രാജ്യങ്ങളിലും അനധികൃത  തട്ടിപ്പും, നികുതി വെട്ടിപ്പും ഉപയോഗിച്ച് ചൈനീസ് കമ്പനികൾ അന്യായ നേട്ടം ഉണ്ടാക്കുന്നുണ്ട്. 

വികസ്വര രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തെ പദ്ധതികൾക്കായി ചൈനയിൽ നിന്ന് കടം വാങ്ങുന്നതിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ബംഗ്ലാദേശ് ധനമന്ത്രി  മുന്നറിയിപ്പ് നൽകി. വികസന പദ്ധതികൾക്കായി കടം നൽകി രാജ്യത്തെ മൊത്തം സാമ്പത്തിക അവസ്ഥ തകരാറിലാക്കുന്ന ചൈനീസ് മോഡൽ കടക്കെണി ബംഗ്ലാദേശിനും തിരിച്ചടി ആയിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *