ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ വ്യാജ റിവ്യൂ ,തടയാൻ കേന്ദ്രം.

ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ കൂലിക്ക് ആളെ വച്ച് എഴുതിക്കുന്നതോ വിലയ്ക്ക് വാങ്ങുന്നതോ ആയ ഓൺലൈൻ റിവ്യൂകൾ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് കേന്ദ്രം. ഉൽപന്നം വാങ്ങിയവർക്ക് റിവ്യു എഴുതുന്നതിന് റിവാഡ് പോയിന്റോ മറ്റോ നൽകുന്നുണ്ടെങ്കിൽ അക്കാര്യം റിവ്യുവിൽ രേഖപ്പെടുത്തിയിരിക്കണം.

ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ ഉൽപന്നങ്ങൾക്ക് വ്യാജ റിവ്യു നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാനുള്ള കേന്ദ്ര ചട്ടക്കൂടിന്റെ ഭാഗമാണ് ഈ വ്യവസ്ഥകൾ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് ആണ് ഇതുസംബന്ധിച്ച മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. താൽപര്യമുള്ള കമ്പനികൾക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ എടുക്കാം. വ്യാജ റിവ്യു വ്യാപകമായാൽ അടുത്തപടിയായി സർട്ടിഫിക്കേഷൻ നിർബന്ധമാക്കും

പല ഉൽപന്നങ്ങളുടെയും വിൽപന വർധിപ്പിക്കാനായി സംഘടിതമായി വ്യാജ പോസിറ്റീവ് റിവ്യു നൽകുന്ന രീതി നിലവിലുണ്ട്. സൈറ്റുകളിൽ ഉൽപന്നങ്ങൾ വിൽക്കുന്ന സെല്ലർ കമ്പനികൾ ഇത്തരം ഏജൻസികൾക്ക് പണം നൽകിയാണ് വ്യാജമായ അഭിപ്രായരൂപീകരണം നടത്തുന്നത്. ഉപയോക്താക്കളിൽ മിക്കവരും റേറ്റിങ്ങും അഭിപ്രായവും നോക്കിയാണ് തീരുമാനമെടുക്കുന്നത്. ഇക്കാരണത്താൽ മിക്കവരും റിവ്യു യഥാർഥമെന്നു കരുതി ഉൽപന്നം വാങ്ങുകയും വഞ്ചിതരാവുകയും ചെയ്യും.

പ്രധാന വ്യവസ്ഥകൾ

 സ്റ്റാർ റേറ്റിങ്ങിന്റെ മാനദണ്ഡം വിശദീകരിക്കണം. ഈ റേറ്റിങ്ങുകൾ ഏത് കാലം മുതലുള്ളതാണെന്നും ശരാശരി കണക്കാക്കിയതിന്റെ അടിസ്ഥാനവും വ്യക്തമാക്കണം.

 റിവ്യു എഴുതുന്ന വ്യക്തിയുടെ ഐഡന്റിറ്റി കൃത്യമായി പരിശോധിച്ചുറപ്പിച്ച ശേഷമേ റിവ്യു പ്രസിദ്ധീകരിക്കാവൂ. .

 കമ്പനി ഉപയോക്താവിനോട് ആവശ്യപ്പെട്ടിട്ട് എഴുതുന്ന റിവ്യു ആണെങ്കിൽ, എപ്പോൾ ആവശ്യപ്പെട്ടു, ആരോടൊക്കെ ആവശ്യപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കണം.

 റിവ്യു നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ സുരക്ഷിതമായിരിക്കണം. സെല്ലർ കമ്പനികൾക്ക് ഉപയോക്താക്കളെ ഉന്നം വയ്ക്കാനുള്ള ഉപാധിയാകരുത്.

 റിവ്യുകളിൽ സഭ്യേതരമായ വാക്കുകൾ അടക്കം ഉപയോഗിക്കുന്നത് തടയാനായി മോഡറേഷൻ സംവിധാനം ഏർപ്പെടുത്തണം. തീയതി അടിസ്ഥാനത്തിൽ റിവ്യുകൾ കാണാനാകണം.

 യഥാർഥ അഭിപ്രായം രേഖപ്പെടുത്തിയിട്ട് അത് വെബ്സൈറ്റ് പ്രസിദ്ധീകരിക്കാതിരുന്നാൽ ചട്ടലംഘനമാകും.

 തട്ടിപ്പ് റിവ്യു നീക്കം ചെയ്യുകയും ഭാവിയിൽ അയാളെ റിവ്യു ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്യാം.

 റിവ്യു പരിഭാഷപ്പെടുത്തിയ രൂപത്തിലാണെങ്കിൽ അതിന്റെ ഒറിജിനലിന്റെ ലിങ്ക് ഒപ്പം നൽകണം. 

 ഓൺലൈനായിട്ടല്ലാതെ വന്ന റിവ്യു ആണെങ്കിൽ പകർത്തിയെഴുതിയാണെന്ന് വ്യക്തമാക്കണം.

 റിവ്യുകളിൽ ഉൽപന്നം സംബന്ധിച്ച് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളടക്കം ഉന്നയിക്കപ്പെടുന്നുണ്ടെങ്കിൽ സെല്ലർ കമ്പനിക്ക് അലർട്ട് നൽകാൻ സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *