ശ്രീലങ്കയ്ക്കും തായ്ലൻഡിനും ശേഷം ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറാനൊരുങ്ങി വിയറ്റ്നാം.
ചൈന, ഇന്ത്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ യാത്രക്കാർക്ക് ഹ്രസ്വകാല വിസ ഇളവുകൾ നൽകണമെന്ന് വിയറ്റ്നാമിന്റെ സാംസ്കാരിക, കായിക, ടൂറിസം മന്ത്രി എൻഗൈൻ വാൻ ജംഗ് ആവശ്യപ്പെട്ടതായി വിയറ്റ്നാമീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ഇറ്റലി, സ്പെയിൻ, ഡെന്മാർക്ക്, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിൽ വിസയില്ലാതെ വിയറ്റ്നാമിൽ യാത്ര ചെയ്യാം. ഇതിന് പിന്നാലെ ഇന്ത്യക്കാർക്കും സമാന ഇളവ് നൽകണമെന്നാണ് മന്ത്രി ആവശ്യം ഉയർത്തിയിരിക്കുന്നത്.
കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, വിയറ്റ്നാമിലേക്ക് ഏകദേശം 1,70,000 ഇന്ത്യക്കാരാണ് പ്രതിവർഷം എത്തിയിരുന്നത്. ഇത് വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് മന്ത്രിയുടെ പ്രതികരണം. ഈ വർഷം ആദ്യ പത്ത് മാസങ്ങളിൽ വിയറ്റ്നാമിലേക്ക് ഏകദേശം 10 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരാണ് എത്തിയത്.ഫു ക്വോക് ദ്വീപ്, ങ്ഹാ ട്രാങ്, ഡാ നാങ്, ഹാ ലോംഗ് ബേ, ഹോയി ആൻ തുടങ്ങിയ സ്ഥലങ്ങളാണ് ഇന്ത്യൻ വിനോദസഞ്ചാരികൾക്കിടയിൽ ഏറെ പ്രിയം. ഈ വർഷം ഓഗസ്റ്റ് മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വ്യക്തികൾക്കായി വിയറ്റ്നാം ഇ-വിസ നൽകാൻ തുടങ്ങിയിട്ടുണ്ട്. ഈ ഇ-വിസകൾക്ക് 90 ദിവസത്തെ സാധുതയുണ്ട് കൂടാതെ ഒന്നിലധികം എൻട്രികൾ അനുവദിക്കുകയും ചെയ്യും.
നേരത്തെ ഇന്ത്യയിലെ യാത്രക്കാർക്ക് ശ്രീലയങ്കയും തായ്ലൻഡും വിസ ഇളവ് പ്രഖ്യാപിച്ചിരുന്നു.