2027ഓടെ എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ഉറപ്പാക്കുമെന്നും എല്ലാ ദിവസവും പുതിയ ട്രെയിനുകൾ ഉണ്ടാകുമെന്നും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് റെയിൽവേ അധികൃതർ നടത്തിയത്. ഒരു ദേശീയ മാധ്യമത്തോടാണ് റെയിൽവേ വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്
ദീപാവലി പ്രമാണിച്ച് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബിഹാറിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ 40 വയസ്സുള്ള ഒരാൾ മരിച്ച വാർത്തയും പുറത്തുവന്നിരുന്നു.
വിപുലീകരണത്തിന്റെ ഭാഗമായി എല്ലാ വർഷവും പുതിയ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. പ്രതിവർഷം 4000-5000 കിലോമീറ്റർ ട്രാക്ക് ശൃംഖലയാണ് സ്ഥാപിക്കുന്നത്. നിലവിൽ പ്രതിദിനം 10,748 ട്രെയിനുകളാണ് ഓടുന്നത്. ഇതു പ്രതിദിനം 13,000 ട്രെയിനുകളായി ഉയർത്തുകയാണ് ലക്ഷ്യം. അടുത്ത മൂന്നു– നാലു വർഷത്തിനുള്ളിൽ 3000 പുതിയ ട്രെയിനുകൾ ട്രാക്കിൽ എത്തിക്കാനാണ് പദ്ധതിയെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
നിലവിൽ പ്രതിവർഷം 800 കോടി യാത്രക്കാരാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഇതു 1000 കോടിയായി ഉയർത്തും. കൂടുതൽ ട്രാക്കുകൾ ഇടുക, ട്രെയിനുകളുടെ വേഗത കൂട്ടുക തുടങ്ങിയ മാർഗങ്ങളിലൂടെ യാത്രാ സമയം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. റെയിൽവേയുടെ പഠനമനുസരിച്ച്, വേഗം കൂട്ടുന്നതിന്റെയും കുറയ്ക്കുന്നതിന്റെയും വേഗത വർധിപ്പിച്ചാൽ ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രയിൽ രണ്ട് മണിക്കൂർ ഇരുപത് മിനിറ്റ് ലാഭിക്കാം.
പുഷ് ആൻഡ് പുൾ സാങ്കേതിക വിദ്യയിലൂടെയാണ് ഇതു സാധിക്കുന്നത്. നിലവിൽ പുഷ് പുൾ സാങ്കേതികവിദ്യ പ്രകാരം പ്രതിവർഷം 225 ട്രെയിനുകൾ നിർമിക്കുന്നുണ്ട്. വന്ദേ ഭാരത് ട്രെയിനുകൾക്ക് നിലവിലെ ട്രെയിനുകളേക്കാൾ നാലിരട്ടി വേഗത്തിൽ സ്പീഡ് കൂട്ടാനും കുറയ്ക്കാനും കഴിയും.