ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച. 9 മാസത്തിനിടെ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചു. കഴിഞ്ഞ വർഷം ഇത് 133.81 ലക്ഷം ആയിരുന്നു. കോവിഡിനു മുൻപുള്ള കണക്കുകളിൽ നിന്ന് 21.12% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയാണ് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ.ഈ വർഷം സെപ്റ്റംബർ വരെ 33.18 ലക്ഷം ആഭ്യന്തര സഞ്ചാരികൾ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചു. ഇടുക്കി (26.61 ലക്ഷം), തിരുവനന്തപുരം (25.61), തൃശൂർ (18.22), വയനാട് (12.87) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ. സെപ്റ്റംബർ വരെയുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തിലും സംസ്ഥാനത്ത് വർധനയുണ്ട്. 4.47 ലക്ഷം സഞ്ചാരികളാണ് സംസ്ഥാനം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ആകെ 2.06 ലക്ഷം പേരാണ് വിദേശത്തു നിന്നെത്തിയത്. എറണാകുളം (2.04 ലക്ഷം) തന്നെയാണ് വിദേശസഞ്ചാരികളുടെ എണ്ണത്തിലും മുന്നിൽ.