ഇന്ത്യൻ കരകൗശല മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി തെലങ്കാനയിൽ ആദ്യ സ്റ്റോർ ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവും വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി സൃഷ്ടിക്കാനുള്ള നിത അംബാനിയുടെ ശ്രമത്തിൽ നിന്നാരംഭിച്ചതാണ് സ്വദേശ്.
“സ്വദേശ്, ഇന്ത്യയുടെ പരമ്പരാഗത കലകൾക്കും കരകൗശല വിദഗ്ധർക്കുമുള്ള സങ്കീർത്തനമാണ്. ഇത് ‘മേക്ക് ഇൻ ഇന്ത്യ’യുടെ ആത്മാവിനെ ഉയർത്തിക്കാട്ടുകയും നമ്മുടെ വിദഗ്ധരായ കരകൗശല തൊഴിലാളികൾക്ക് ആദരവും ഉപജീവനമാർഗവും നൽകുകയും ചെയ്യും. ഇന്ത്യയിൽ മാത്രമല്ല, യുഎസിലും യൂറോപ്പിലും സ്വദേശ് വ്യാപിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു”, ഉദ്‌ഘാടന വേളയിൽ നിത അംബാനി പറഞ്ഞു. തെലങ്കാനയിലെ ജൂബിലി ഹിൽസിലെ ആദ്യ സ്വദേശ് സ്റ്റോർ 20,000 ചതുരശ്ര അടിയിലാണ് നിർമിച്ചിരിക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ജീവകാരുണ്യ വിഭാഗമായ റിലയൻസ് ഫൗണ്ടേഷനാണിതിന് രൂപം നൽകിയത്.