അങ്കമാലി-എരുമേലി ശബരി റെയിൽപാതയുടെ 3800.93 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയിൽവേ അക്കൗണ്ട് വിഭാഗത്തിന്റെ അംഗീകാരം. ദക്ഷിണ റെയിൽവേ ജനറൽ മാനേജരും റെയിൽവേ ബോർഡും അംഗീകരിക്കുന്നതോടെ എസ്റ്റിമേറ്റ് അന്തിമമാകും.
3347.35 കോടിയുടെ എസ്റ്റിമേറ്റാണു കെ റെയിൽ ദക്ഷിണ റെയിൽവേക്കു 2022 ഫെബ്രുവരിയിൽ നൽകിയിരുന്നത്. ഇതിൽ മാറ്റം വരുത്തിയാണ് ഒന്നരവർഷത്തിനുശേഷം അക്കൗണ്ട് വിഭാഗം അംഗീകരിച്ചത്. ചെലവിന്റെ പകുതി, 1900.46 കോടി രൂപ കേരളം വഹിക്കണം. പദ്ധതിച്ചെലവിന്റെ കാര്യത്തിൽ കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടണം.
പകുതി ചെലവു വഹിക്കാൻ തയാറാണെന്നു 2015 ൽ അറിയിക്കുകയും 2017 ൽ 2815 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തശേഷം സംസ്ഥാനം പിൻമാറുകയായിരുന്നു. ഇതോടെ 2019 ൽ കേന്ദ്ര സർക്കാർ പദ്ധതി മരവിപ്പിച്ചു. 2021 ൽ വീണ്ടും സംസ്ഥാനം സന്നദ്ധത അറിയിച്ചപ്പോഴാണ് എസ്റ്റിമേറ്റ് പുതുക്കാൻ ആവശ്യപ്പെട്ടത്. പദ്ധതിക്കായി 274 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിനായി മാത്രം 1000 കോടി രൂപയാണ് എസ്റ്റിമേറ്റിലുള്ളത്.
1997 ൽ പ്രഖ്യാപിച്ച ശബരി പാതയിൽ അങ്കമാലി മുതൽ കാലടി വരെ 7 കി.മീ. പാത നിർമിച്ചു. 264 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്. കാലടി മുതൽ എരുമേലി വരെ 109 കി.മീ ദൂരം പാത നിർമിക്കാനുണ്ട്. ഇതിനിടെ, 45 മിനിറ്റുകൊണ്ട് ചെങ്ങന്നൂരിൽനിന്നു പമ്പയിലെത്തുന്ന ചെങ്ങന്നൂർ–പമ്പ 60 കി.മീ. ഇരട്ടപ്പാതയുടെ അലൈൻമെന്റ് സർവേ നടക്കുന്നുണ്ട്. 2 പദ്ധതികളുടെയും ഡിപിആർ താരതമ്യം ചെയ്തശേഷം മുൻഗണന നിശ്ചയിക്കുമെന്നാണു കേന്ദ്രസർക്കാരിന്റെ നിലപാട്.
ശബരി പാതയിൽ 14 സ്റ്റേഷനുകളാണുള്ളത്. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണു സ്റ്റേഷനുകൾ.