കേരളത്തിലെ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകിയ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സർക്കാർ നൽകിയിരുന്ന സബ്സിഡി പിൻവലിച്ചിട്ടു മൂന്നു മാസം പിന്നിട്ടു. അതിനു മുൻപുള്ള സബ്സിഡി ഒരു വർഷം വരെ കുടിശികയായ സ്ഥാപനങ്ങളുമുണ്ട്. 30 രൂപയുടെ ഊണ് വിൽക്കുമ്പോൾ സർക്കാർ സബ്സിഡിയായി 10 രൂപ നൽകുകയും സാധാരണക്കാർക്ക് 20 രൂപ നിരക്കിൽ ഭക്ഷണം ലഭിക്കുകയും ചെയ്യുന്നതായിരുന്നു ജനകീയ ഹോട്ടലുകളുടെ ആകർഷണം. ഓഗസ്റ്റ് ഒന്നു മുതൽ ഈ സബ്സിഡി സർക്കാർ മുന്നറിയിപ്പില്ലാതെ നിർത്തി.
ജനകീയ ഹോട്ടലുകളിലെ വിൽപനയനുസരിച്ച് 25 ലക്ഷം രൂപ വരെ ലഭിക്കാനുള്ള സ്ഥാപനങ്ങളുണ്ട്. 6 കോടിയിലധികം രൂപയുടെ കുടിശിക ലഭിക്കണമെന്നാവശ്യപ്പെട്ടാണ് മലപ്പുറം ജില്ലയിലെ 144 ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുകാരും ജീവനക്കാരും സെക്രട്ടേറിയറ്റിനു മുന്നിൽ കഴിഞ്ഞ ദിവസം സമരം നടത്തിയത്.
ഓഗസ്റ്റ് 12ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ഭൂരിഭാഗം ജനകീയ ഹോട്ടൽ നടത്തിപ്പുകാരും വിവരം അറിഞ്ഞത്. അതുവരെ 20 രൂപയ്ക്കു നൽകിയ ഭക്ഷണത്തിന്റെ ബാക്കി തുക സർക്കാർ നൽകുമോ എന്നു പോലും ഉറപ്പില്ല. നിലവിൽ ഊണിന് 30 രൂപയും ഒന്നിച്ചുള്ള ഓർഡറുകൾക്ക് 35 രൂപയും നിരക്കിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. തുക വർധിച്ചതോടെ പലയിടത്തും കച്ചവടം കുറഞ്ഞു.
കെട്ടിടത്തിന്റെ വാടക, വാട്ടർചാർജ്, വൈദ്യുതി ചാർജ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ നൽകുമെന്നായിരുന്നു പ്രഖ്യാപനം. ചിലയിടങ്ങളിൽ ഈ ചെലവുകൾ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കുന്നുണ്ടെങ്കിലും പലയിടത്തും ഹോട്ടൽ നടത്തിപ്പുകാരുടെ കയ്യിൽ നിന്ന് നൽകേണ്ടി വരുന്നുണ്ട്.