അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ടെര്‍മിനല്‍ എ യില്‍ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് തുറന്നു. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുലു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചോക്ലേറ്റ്‌സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ആകര്‍ഷകമായ നിരക്കില്‍ ഇവിടെ നിന്നും ലഭിക്കും. ഇമ്മിഗ്രേഷന്‍ ഗേറ്റ് കഴിഞ്ഞുള്ള ഡ്യൂട്ടി ഫ്രീ ഭാഗത്താണ് ലുലു ഔട്ട് ലെറ്റ്.
ലോകോത്തര സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച അബുദാബി ടെര്‍മിനല്‍ എ യില്‍ ലുലു പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ലുലു ഡ്യൂട്ടി ഫ്രീ മികച്ച അനുഭവമായിരിക്കും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
742,000 ചതുരശ്ര മീറ്റര്‍ ഉള്‍ക്കൊള്ളുന്ന ടെര്‍മിനല്‍ എ ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ ഒന്നാണ്. ഓരോ വര്‍ഷവും 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. ഈ മാസം 15 മുതല്‍ ഇത്തിഹാദ് എയര്‍വേസ്, എയര്‍ അറേബ്യ അബുദാബി, വിസ് എയര്‍ എന്നിവയുള്‍പ്പെടെ എല്ലാ എയര്‍ലൈനുകള്‍ക്കും ടെര്‍മിനല്‍ എ സേവനം നല്‍കും.