ഇന്റർനെറ്റ് സൗജന്യ ആപ്പുകൾക്ക് നിയന്ത്രണം

വാട്സാപ്, ടെലഗ്രാം പോലെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത സൗജന്യ കോളിങ്, മെസേജിങ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ അടുത്ത ആഴ്ച പൊതുജനാഭിപ്രായം തേടിയേക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഇതു സംബന്ധിച്ച കൺസൽറ്റേഷൻ രേഖ ഉടൻ പ്രസിദ്ധീകരിക്കും.

ഇന്റർനെറ്റ് കോളിങ് സൗകര്യം ടെലികോം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്തുമെന്നതിനാൽ ‘ഒരേ സേവനത്തിന് ഒരേ ചാർജ്’ ഏർപ്പെടുത്തണമെന്നതാണ് ദീർഘകാല ആവശ്യം. തങ്ങൾക്കുള്ളതുപോലെയുള്ള ലൈസൻസ് ഫീസ്, മറ്റ് ചട്ടങ്ങൾ എന്നിവ ഇത്തരം കമ്പനികൾക്കും ബാധകമാക്കണമെന്നാണ് ടെലികോം കമ്പനികൾ ആവശ്യപ്പെടുന്നത്. പല രാജ്യങ്ങളിലും ഇന്റർനെറ്റ് കോളിങ്ങിന് നിയന്ത്രണം നിലവിലുണ്ട്.

ട്രൂകോളർ’ ആപ്പില്ലാതെ തന്നെ മൊബൈലിൽ വിളിക്കുന്നവരുടെ പേര് ദൃശ്യമാക്കുന്ന സംവിധാനം സംബന്ധിച്ചും ട്രായ് അടുത്ത ആഴ്ച ശുപാർശ സമർപ്പിച്ചേക്കും. സിം എടുക്കാനുപയോഗിച്ച കെവൈസി (നോ യുവർ കസ്റ്റമർ) തിരിച്ചറിയൽ രേഖയിലെ പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ സ്ക്രീനിൽ ദൃശ്യമാക്കുന്ന സംവിധാനമാണ് പരിഗണനയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *