900 കോടി കളക്ഷന്‍ നേടിയ ചിത്രം ‘അനിമൽ’ ഒടുവില്‍ ഒടിടിയില്‍

ബോക്സോഫീസില്‍ വന്‍ വിജയം നേടിയ രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിന്‍റെ ഒടിടി റിലീസ് പ്രതിസന്ധി ഒഴി‌ഞ്ഞു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സിനി1 സ്റ്റുഡിയോയും, ടി സീരിസും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതിന് പിന്നാലെയാണ് ഒടിടി റിലീസിന് കളം ഒരുങ്ങുന്നത്

ചിത്രത്തിന്‍റെ നിര്‍മ്മാതക്കളായ ടി സീരിസിനും, ഒടിടി അവകാശം വാങ്ങിയ നെറ്റ്ഫ്ലിക്സിനും ദില്ലി ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളികളായ സിനി1 സ്റ്റുഡിയോ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നോട്ടീസ് അയച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് നിര്‍മ്മാതാക്കള്‍ തമ്മില്‍ കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പായത്.

അനിമലിന്‍റെ ലാഭത്തിലും ബൗദ്ധിക സ്വത്തവകാശത്തെയും ചുറ്റിപ്പറ്റിയുള്ള തര്‍ക്കാണ് ഇപ്പോള്‍ കോടതിയില്‍ എത്തിയിരിക്കുന്നത്. സിനി 1 സ്റ്റുഡിയോയുടെ വാദങ്ങള്‍ പ്രകാരം ടി സീരിസുമായുള്ള കരാർ പ്രകാരം ചിത്രത്തിന്‍റെ 35% ലാഭ വിഹിതത്തിനും ബൗദ്ധിക സ്വത്തവകാശത്തിനും അവകാശമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റവന്യൂ വെളിപ്പെടുത്താതെയും കണക്ക് കാണിക്കാതെയും ടി സീരിസ് സാമ്പത്തികമായി പറ്റിക്കുന്നു എന്നാണ് അവർ ആരോപിക്കുന്നത്.

എന്നാല്‍ ഈ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചുവെന്നാണ് പുതിയ വിവരം. ഇരു കക്ഷികളെയും പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകർ ഒത്തുതീർപ്പ് വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ട്. ഈ കരാർ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ഡൽഹി ഹൈക്കോടതി നേരത്തെ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ആക്കുവാന്‍ സാധിക്കുമോ എന്ന തരത്തില്‍ ഇരുകക്ഷികളോടും ചോദിച്ചിരുന്നു.

അതേ സമയം കേസ് ഒത്തുതീര്‍പ്പായ സ്ഥിതിക്ക് അനിമല്‍ ഒടിടി റിലീസ് സംബന്ധിച്ച് സൂചനകള്‍ വന്ന് തുടങ്ങി. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രദര്‍ശനത്തിന് എത്തുമെന്നാണ് സൂചന. എന്നാല്‍ ഒദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എക്സ്റ്റന്‍റ‍ഡ് പതിപ്പ് ആയിരിക്കും നെറ്റ്ഫ്ലിക്സില്‍ എത്തുക എന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *