675 എഐ ക്യാമറകൾ വഴി നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ്

മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി) ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നീക്കം തുടങ്ങി. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. സംസ്ഥാനത്താകെ 675 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

കെൽട്രോൺ നേരിട്ടു സ്ഥാപിച്ച ക്യാമറകളിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ മുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ പിഴ ഈടാക്കാൻ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചത്. എഐ ക്യാമറകൾക്ക് പുറമേ റെഡ് ലൈറ്റ് വയലേഷൻ, പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകളും ഉൾപ്പെടെ 725 ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയിൽ ചെലവഴിച്ചത്.

ആദ്യഘട്ടത്തി‍ൽ മോട്ടർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പുമായി ക്യാമറകൾ ബന്ധിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ പൂർത്തിയാക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. എന്നാൽ, കെൽട്രോൺ തന്നെ ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും സാങ്കേതിക ജോലികൾ പൂർത്തിയാക്കി ട്രയൽ റൺ നടത്തുകയും ചെയ്തു. പിന്നീട് കെൽട്രോണും മോട്ടർ വാഹന വകുപ്പും സംയുക്തമായി പൂർത്തിയാക്കേണ്ട പരിശോധനകൾ വൈകിയത് വീണ്ടും തിരിച്ചടിയായി

കെൽട്രോൺ തന്നെയാണ് ഇവയുടെ 8 വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളും നിർവഹിക്കുന്നത്. പിഴത്തുക നിശ്ചിത വർഷം കെൽട്രോണിനു ലഭിക്കുന്ന തരത്തിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *