ജാപ്പനീസ് കമ്പനിയായ നിറ്റ ജെലാറ്റിൻ ഇൻകോർപറേറ്റഡിന്റെയും കെഎസ്ഐഡിസിയുടെയും സംയുക്ത സംരംഭമാണു നിറ്റ ജലറ്റിൻ ഇന്ത്യ ലിമിറ്റഡ്. മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശന വേളയിൽ കേരളത്തിൽ 200 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നിറ്റ ജലറ്റിൻ നൽകിയിരുന്നു.
നിറ്റ ജലറ്റിൻ ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ടമായി കൊളാജൻ പെപ്‌റ്റൈഡ് പ്ലാന്റ് നിർമാണത്തിനു കാക്കനാട് കിൻഫ്ര എക്സ്പോർട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ തുടക്കമിട്ടു. 60 കോടി രൂപയാണു ചെലവിടുന്നത്. ചർമം, സന്ധി, മുടി എന്നിവയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സപ്ലിമെന്റാണു കൊളാജൻ പെപ്‌റ്റൈഡ്.
നിലവിൽ കമ്പനി പ്രതിവർഷം ഉൽപാദിപ്പിക്കുന്നത് 550 മെട്രിക് ടൺ കൊളാജൻ പെപ്‌റ്റൈഡ് ആണ്. പുതിയ ഫാക്ടറി വരുന്നതോടെ 1150 മെട്രിക് ടണ്ണായി ഉയരും.അനുമതി ലഭിക്കുന്ന മുറയ്ക്കു മറ്റു പദ്ധതികളും കേരളത്തിൽ ആരംഭിക്കുമെന്നു നിറ്റ ജലറ്റിൻ ഇന്ത്യ മാനേജിങ് ഡയറക്ടർ സജീവ് കെ.മേനോൻ പറഞ്ഞു.