5200 കോടിയുടെ പോളിപ്രൊപ്പിലീൻ നിർമ്മാണ യൂണിറ്റ് കൊച്ചിയിൽ; മന്ത്രി പി രാജീവ്

5200 കോടിയുടെ പോളിപ്രൊപ്പിലീൻ നിർമ്മാണ യൂണിറ്റ് കൊച്ചിയിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ ജി കൃഷ്ണകുമാറുമായി നടത്തിയതായി മന്ത്രി പി രാജീവ് അറിയിച്ചു. കൊച്ചിയിൽ ബിപിസിഎലിൻ്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീൻ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുക.

ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാവശ്യമായ പോളി പ്രൊപ്പിലീൻ വലിയ തോതിൽ ഈ യൂണിറ്റിൽ നിന്ന് ഉൽപാദിപ്പിക്കാൻ സാധിക്കും. ബാഗുകൾ, വീട്ടുപകരണങ്ങൾ, ബോക്സുകൾ, ഷീറ്റ്, പാക്കേജിങ്ങ് ഫിലിംസ് തുടങ്ങി നിരവധി അവശ്യസാധനങ്ങൾ നിർമ്മിക്കുന്നതിന് ദക്ഷിണേന്ത്യയിലാകെ പോളി പ്രൊപ്പിലീൻ വിതരണം ചെയ്യാൻ ഈ യൂണിറ്റിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ബിപിസിഎൽ ബോർഡിൻ്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഉടൻ പദ്ധതിയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. 40 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും കൃഷ്ണകുമാർ പങ്കുവെച്ചു. പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബായി മാറുകയെന്ന കേരളത്തിൻ്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ഏടാകും കൊച്ചിൻ റിഫൈനറിയിൽ പൂർത്തിയാകുന്ന പുതിയ പ്ലാൻ്റ്. ബിപിസിഎലും അശോക് ലയ്‌ലൻ്റും കൊച്ചിൻ വിമാനത്താവളവും സംയുക്തമായി ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള ആലോചനകളും നടന്നുവരുന്നുണ്ട്.

ഒപ്പം തന്നെ കൊച്ചിൻ വിമാനത്താവളത്തിന് ആവശ്യമായ ജെറ്റ് ഇന്ധന നിർമ്മാണ യൂണിറ്റുമായി ബന്ധപ്പെട്ടും ബിപിസിഎൽ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ കൊച്ചിയിലെ മാലിന്യനിർമ്മാർജ്ജനം തീർത്തും ലഘൂകരിക്കും വിധത്തിൽ അത്യാധുനിക മാലിന്യ പ്ലാൻ്റ് സ്ഥാപിക്കുന്ന പദ്ധതി ബിപിസിഎൽ നടപ്പിലാക്കുന്നതിനൊപ്പമാണ് കേരളത്തിൽ മറ്റ് ബൃഹത് പദ്ധതികൾ കൂടി നടപ്പിലാക്കുന്നതിൻ്റെ ആലോചനകൾ നടക്കുന്നത്. സംസ്ഥാനത്തിൻ്റെയാകെ മുഖച്ഛായ മാറ്റുന്ന പദ്ധതികളിലൂടെ പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബായി മാറാനും നിരവധിയായിട്ടുള്ള മറ്റ് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും കേരളത്തിന് സാധിക്കുമെന്നും മന്ത്രി അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *