500 ജെറ്റുകളുടെ കരാറിൽ എയർ ഇന്ത്യ , കൂടുതൽ വിപണി വിഹിതം സ്വന്തമാക്കാൻ ടാറ്റ 

ബോയിംഗ്, എഞ്ചിൻ വിതരണക്കാരായ ജനറൽ ഇലക്ട്രിക്, സിഎഫ്എം ഇന്റർനാഷണലുമായുള്ള 495 ജെറ്റുകൾക്കുള്ള ഓർഡറിന്റെ പകുതി എയർ ഇന്ത്യ ഇന്ന് ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ, ടാറ്റ ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ദിവസത്തിൽ 190 ബോയിംഗ് 737 മാക്‌സ് നാരോബോഡി വിമാനങ്ങൾക്കും 20 ബോയിംഗ് 787 വിമാനങ്ങൾക്കും 10 ബോയിംഗ് 777 എക്‌സിനും ഓർഡർ നൽകാൻ എയർ ഇന്ത്യ ഒരുങ്ങുകയാണ്. 

235 എയർബസ് സിംഗിൾ ഐൽ ജെറ്റുകളും 40 എയർബസ് എ350 വൈഡ്ബോഡി വിമാനങ്ങളും ഉൾപ്പെടുന്ന ഓർഡറിന്റെ രണ്ടാം പകുതി അടുത്ത ദിവസങ്ങളിൽ ഔദ്യോഗികമായി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഏകദേശം 500 ജെറ്റുകളുടെ കരാറിൽ എയർ ഇന്ത്യ ഒപ്പുവെച്ചതായി റോയിട്ടേഴ്‌സ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. 

ഈ ഓർഡർ പൂർണമായി കഴിഞ്ഞാൽ എയർ ഇന്ത്യയെ വലിയ ആഗോള എയർലൈനുകളുടെ ലീഗിൽ ഉൾപ്പെടുത്താൻ സാധിക്കും. ഒരു വർഷം മുമ്പുള്ളതിനേക്കാൾ 2022 ൽ ഇന്ത്യയിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 47 ശതമാനം വർദ്ധനവുണ്ടായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്ക്, വലിയ വിപണി തന്നെയുണ്ട്. എന്നിരുന്നാലും, ഇന്ത്യയുടെ പുറത്തേക്കുള്ള യാത്രയുടെ ഭൂരിഭാഗവും വഹിക്കുന്നത് എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ മിഡിൽ ഈസ്റ്റേൺ എയർലൈനുകളാണ്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഭ്യന്തര വിമാന യാത്രാ വിപണിയുടെ 30 ശതമാനം നേടാനും വിപണിയിൽ മുന്നിൽ നിൽക്കുന്ന ഇൻഡിഗോയെ നേരിടുക എന്നതാണ് ലക്ഷ്യം. അന്താരാഷ്ട്ര യാത്രയുടെ നിലവിലെ വിഹിതം “ഒന്നിലധികം” വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നതായി എയർലൈനിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് കാംബെൽ വിൽസൺ മുമ്പ് പറഞ്ഞിരുന്നു. 

സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്ത സംരംഭമായ എയർ ഇന്ത്യയും വിസ്താരയും ഉൾപ്പെടെ രണ്ട് ബജറ്റ് കാരിയറുകളടക്കം ടാറ്റയുടെ നാല് എയർലൈനുകൾക്ക് 24 ശതമാനം വിപണി വിഹിതമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *