അൻപതു കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ വ്യവസായ വകുപ്പിന്റെ പോർട്ടലായ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും. ഇതിനുള്ള ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
2020 ലെ കേരള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി നവംബർ 1നാണു വിജ്ഞാപനമിറക്കിയത്.
കെ സ്വിഫ്റ്റിന്റെ അംഗീകാരമുള്ള സംരംഭങ്ങൾക്ക് മൂന്നുവർഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവർത്തിക്കാമെന്ന് നേരത്തെ തന്നെ വ്യവസ്ഥയുണ്ട്. വായ്പ നേടുന്നതിനുൾപ്പെടെ കെട്ടിടനമ്പർ ആവശ്യമായതിനാൽ കെ സ്വിഫ്റ്റ് മുഖേന താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കാനാണു ചട്ട ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.