5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് ഇന്നു മുതൽ ഇ–ഇൻവോയ്സ് നിർബന്ധം. രാജ്യമാകെ 4 ലക്ഷത്തോളം സംരംഭങ്ങൾ ഇ–ഇൻവോയ്സ് പരിധിയിലേക്കു പുതിയതായി വരുമെന്നാണ് സൂചന. നിലവിൽ 6 ലക്ഷത്തോളം സ്ഥാപനങ്ങളാണ് ഇ–ഇൻവോയ്സ് പരിധിയിലുള്ളത്. വ്യാജ ബില്ലുകൾ വഴിയുള്ള നികുതിവെട്ടിപ്പു തടയാനും റിട്ടേൺ സമർപ്പണം എളുപ്പമാക്കുന്നതിനുമാണിത്.
10 കോടി രൂപയായിരുന്നു ഇന്നലെ വരെയുള്ള പരിധി. നിബന്ധനകൾ ചെറുകിട സംരംഭകർക്ക് പ്രായസമുണ്ടാക്കുമെന്നും വിമർശനമുണ്ട്. ഇ–ഇൻവോയ്സിങ് പരിധി ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് ജിഎസ്ടി കൗൺസിൽ മുൻപ് തീരുമാനിച്ചിരുന്നു. 2020 ഒക്ടോബർ ഒന്നിന് ഇ–ഇൻവോയ്സ് നിർബന്ധമാക്കുമ്പോൾ പരിധി 500 കോടി രൂപയായിരുന്നു. ഇത് പിന്നീട് 2021 ജനുവരിയിൽ 100 കോടിയാക്കി. 2021 ഏപ്രിലിൽ 50 കോടിയും 2022 ഏപ്രിലിൽ ഇത് 20 കോടിയുമായി കുറച്ചു. കഴിഞ്ഞ ഒക്ടോബർ 1 മുതൽ ഇത് 10 കോടിയായി.