5ജി വിപ്ലവം ടെലിമെഡിസിൻ രംഗത്തുണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ

ഇന്നത്തെ ആരോഗ്യരംഗത്തു വൻ കുതിച്ചുചാട്ടത്തിനു വഴിവച്ചിരിക്കുന്ന മേഖലയാണു ടെലിമെഡിസിൻ. ആശുപത്രികളിലോ മെഡിക്കൽ കോളജുകളിലോ പോകാതെ തന്നെ വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ രോഗനിർണയവും ചികിത്സയും സാധ്യമാക്കുന്ന ടെലിമെഡിസിൻ രീതി കോവിഡ് കാലത്ത് വളരെയേറെ വ്യാപകമായി. ഇനിയുള്ള കാലത്ത് ഈ രീതിക്ക് ഒട്ടേറെ സാധ്യതകളാണു പ്രവചിക്കപ്പെടുന്നത്. ഇ–സഞ്ജീവനി പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ടെലിമെഡിസിൻ രീതി സംസ്ഥാന സർക്കാരും പ്രാവർത്തികമാക്കിയിരുന്നു

ആസന്നമായിക്കൊണ്ടിരിക്കുന്ന 5ജി വിപ്ലവം ടെലിമെഡിസിൻ രംഗത്തെ ഉന്നതിയിലേക്കു നയിക്കുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തെ വിദഗ്ധർ.സെക്കൻഡിൽ 20 ഗിഗാബിറ്റ് വരെയുള്ള വേഗം, ഒരു ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പത്തുലക്ഷത്തോളം ഉപകരണങ്ങൾ നെറ്റ്‌വർക്കിലേക്കു ഘടിപ്പിക്കാനുള്ള ശേഷി തുടങ്ങിയവയാണ് 5ജി സാങ്കേതികവിദ്യയുടെ പ്രത്യേകതകൾ.

സാധാരണ ക്ലിനിക്കൽ പരിശോധനകളിലേതു പോലെ തന്നെ തന്മയത്വം നിറഞ്ഞ പരിശോധനകൾ 5ജിയുടെ ഉയർന്ന വേഗത്താൽ സാക്ഷാത്‌കരിക്കുമെന്നാണു പ്രതീക്ഷ. ഉയർന്ന റസല്യൂഷനിലുള്ള മെഡിക്കൽ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാനും ഇതു വഴിയൊരുക്കും.

അനുദിനം വികാസം പ്രാപിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് 5ജി കരുത്തു കൂടിയാകുമ്പോൾ ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങൾ കൂടുതൽ സുഗമമാകും.

5ജി വരുന്നത് ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനാൽ സെർവർ സ്പേസിനു വേണ്ടിയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആരോഗ്യരംഗത്തെ സ്ഥാപനങ്ങൾക്കു കുറയും. വളരെ വിദൂരത്തുള്ള രോഗികൾക്കു പോലും ക്ലൗഡ് വഴി ഡേറ്റ കൈമാറ്റം നടത്താൻ സാധ്യമാകുമെന്നുള്ളതും ഗുണമാണ്.

ലോകം ഉറ്റുനോക്കുന്ന മറ്റൊരു സാങ്കേതികവിദ്യ ഇന്റർനെറ്റ് ഓഫ് തിങ്സാണ്. അതിവേഗമുള്ള നെറ്റ്‌വർക്കിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന ഒട്ടേറെ ഉപകരണങ്ങളിലൂടെയാണ് ഈ സേവനം പ്രവർത്തിക്കുന്നത്. വൈദ്യശാസ്ത്ര മേഖലയിലും ഒട്ടേറെ മെഡിക്കൽ ഉപകരണങ്ങൾ നെറ്റ് വർക്കിലേക്കു ഘടിപ്പിക്കപ്പെടും. ഫൈവ്ജിയുടെ വേഗം ഇവിടെയും മുതൽക്കൂട്ടാകും.

വെയറബിൾ ഉപകരണങ്ങൾ, മറ്റു സെൻസർ അധിഷ്ഠിത ഉപകരണങ്ങൾ എന്നിവ വഴി രോഗിയുടെ ആരോഗ്യനില ഡോക്ടർമാർക്ക് ശ്രദ്ധിക്കാൻ അവസരമുണ്ട്.

ഒരു മെഡിക്കൽ സ്ഥാപനം ഡേറ്റ മറ്റൊരു മെഡിക്കൽ സ്ഥാപനത്തിനു കൈമാറ്റം നടത്താനും കഴിയും. രോഗികൾ മരുന്ന് കഴിക്കുന്ന ക്രമം കൃത്യമായി പാലിക്കുന്നു ണ്ടോയെന്ന് അറിയുക, അവരുടെ ഉറക്കക്രമം ശരിയാണോയെന്ന് മനസ്സിലാക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ടെലിമെഡിസിൻ വഴി ചെയ്യാം.

വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയവ വഴി രോഗിയുമായി മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാക്കാനും സാധിക്കും.

ഫിസിഷ്യൻമാർ, നഴ്സുമാർ, പീഡിയാട്രീഷൻമാർ, ഫാർമസിസ്റ്റുകൾ, തെറപിസ്റ്റ്സ്, ഡയറ്റീഷ്യൻസ്, മനോരോഗ വിദഗ്ധർ തുടങ്ങി സാധാരണ ആരോഗ്യ, ചികിത്സാ മേഖലയിലെ എല്ലാ തസ്തികകൾക്കും ടെലിമെഡിസിൻ രംഗത്തും സാധ്യതകളുണ്ട്. മെഡിക്കൽ രംഗത്തു മാത്രമല്ല, ഇതിന്റെ അനുബന്ധമായിട്ടുള്ള ടെക് മേഖലയിലെ വിദഗ്ധർക്കും ഒട്ടേറെ അവസരങ്ങൾ െടലിമെഡിസിൻ മുന്നോട്ടുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *