നിക്ഷേപങ്ങൾ ഉൾപ്പെടെ 49 കോടിയിലധികം രൂപയുടെ ജംഗമസ്വത്തുക്കൾ തനിക്കുണ്ടെന്ന് നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തിരുവനന്തപുരം എംപി ശശി തരൂർ വെളിപ്പെടുത്തി.ഇതുകൂടാതെ തരൂരിന്റെ ജംഗമ സ്വത്തുക്കളിൽ 32 ലക്ഷം രൂപ വിലമതിക്കുന്ന 534 ഗ്രാം സ്വർണവും കയ്യിൽ പണമായി 36,000 രൂപയും ഉൾപ്പെടുന്നു. 2023 സാമ്പത്തിക വർഷത്തിൽ തരൂരിന്റെ ആകെ വരുമാനം 4.32 കോടി രൂപയായിരുന്നു. അദ്ദേഹത്തിന് രണ്ട് കാറുകൾ ഉണ്ട് – മാരുതി സിയാസും ഒരു മാരുതി XL6ഉം.
തിരുവനന്തപുരത്ത് 10.47 ഏക്കർ ഭൂമി 6.20 കോടി രൂപയും പാലക്കാട്ടെ 1.56 ലക്ഷം രൂപ വിലമതിക്കുന്ന 2.51 ഏക്കർ കൃഷിഭൂമിയുടെ നാലിലൊന്ന് ഓഹരിയും ഉൾപ്പെടെ 6.75 കോടിയിലേറെയാണ് അദ്ദേഹത്തിന്റെ സ്ഥാവര സ്വത്തുക്കളുടെ മൂല്യം. സംസ്ഥാന തലസ്ഥാനത്തെ അദ്ദേഹത്തിൻ്റെ വസതി നിലവിൽ ഏകദേശം 52 ലക്ഷം രൂപ വിലമതിക്കുന്നു. ഇന്ത്യക്ക് പുറത്ത് ശശി തരൂരിന് 16 കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിൽ 5.11 ലക്ഷത്തിന്റെ ബിറ്റ് കോയിൻ ഇ ടി എഫ് നിക്ഷേപവുമുണ്ട്. യു എസ് ട്രഷറി സെക്യൂരിറ്റിയിൽ 2 കോടി രൂപയുടെ നിക്ഷേപമുണ്ട്. 2014 ൽ 23 കോടിയായിരുന്ന സ്വത്ത് ഇപ്പോൾ 55 കോടിയായി.