പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന എന്ന സർക്കാർ ഇൻഷുറൻസ് പദ്ധതി പ്രകാരം പോളിസി ഉടമ മരണം അടഞ്ഞാൽ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് 436 രൂപ വാർഷിക പ്രീമിയം അടച്ചാൽ മതിയാകും. നേരത്തെ 330 രൂപയായിരുന്നു പ്രീമിയം തുകയെങ്കിലും 2022 ജൂൺ ഒന്ന് മുതൽ പ്രീമിയം തുക 436 രൂപയായി വർധിപ്പിക്കുകയായിരുന്നു. ഇൻഷ്വർ ചെയ്യപ്പെടുന്ന അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രീമിയം തുക കിഴിക്കുന്നതാണ്. ബാങ്ക് അക്കൗണ്ടോ, പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ളവർക്ക് ഇനഷുറൻസിനായി അപേക്ഷിക്കാം.
മുഖ്യ സവിശേഷതകൾ
വൈദ്യപരിശോധനയുടെ ആവശ്യമില്ലാതെ തന്നെ ഇന്ത്യൻ പൗരൻമാർക്ക് ചുരുങ്ങിയ ചെലവിൽ ഇൻഷുറൻസ് സംരക്ഷണം നൽകുന്നതാണ് പദ്ധതി. വിവിധ ബാങ്കുകൾ മുഖേനയും ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം.18 വയസ് മുതൽ പരമാവധി 50 വയസ് വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാനാകും. ഓരോ വർഷവും തുകയടച്ച് പോളിസി പുതുക്കണം.
പരിരക്ഷാ കാലാവധിയിൽ ഇൻഷ്വർ ചെയ്യപ്പെട്ട അംഗം മരണം അടഞ്ഞാൽ നോമിനിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും . പല ബാങ്ക് അക്കൗണ്ടുകളിലൂടെ പല ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഒന്നിലധികം പരിരക്ഷ എടുത്തിട്ടുണ്ടെങ്കിലും പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജനയ്ക്കു കീഴിൽ ലഭിക്കുന്ന ഡെത്ത് ബെനിഫിറ്റ് പരമാവധി രണ്ട് ലക്ഷം രൂപ മാത്രമായിരിക്കും.
മച്ച്യുരിറ്റി/സറണ്ടർ ബെനിഫിറ്റ് ഉണ്ടോ?
ഈ പ്ലാനിനു കീഴിൽ മച്ച്യുരിറ്റി ബെനിഫിറ്റോ സറണ്ടർ ബെനിഫിറ്റോ ലഭ്യമാകില്ല. ഇൻഷുറൻസ് പരിരക്ഷ ജൂൺ മുതൽ 31 മെയ് വരെ ആയിരിക്കും. അതിനു ശേഷം ഓരോ വർഷവും ജൂൺ ഒന്നാം തീയതി ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രീമിയം കിഴിക്കുന്നതിലൂടെ ഇൻഷുറൻസ് പുതുക്കപ്പെടും. ഇൻഷുറൻസിൽ അംഗമാകുന്നതിനുള്ള നിബന്ധനകൾ സമയാ സമയങ്ങളിൽ ഗവണ്മെന്റ് നിർവ്വചിക്കുന്ന രീതിയിലുള്ള മാറ്റത്തിനു വിധേയമായിരിക്കും. സ്കീമിൽ ചേരുന്ന പുതിയ അംഗങ്ങൾക്ക് ആദ്യത്തെ 45 ദിവസം റിസ്ക് പരിരക്ഷ ലഭിക്കുന്നതല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ക്ലെയിമിനായി അപേക്ഷിക്കുന്നതിനും നിബന്ധനയുണ്ട്. മരണാനന്തരം 30 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. 30 ദിവസത്തിന് ശേഷം സമർപ്പിക്കുന്ന ക്ലെയിമുകൾ നിരസിക്കപ്പെട്ടേക്കാം. ആദായ നികുതി നിയമങ്ങൾ അനുസരിച്ചുള്ള നികുതി ഇളവുകൾ പോളിസിക്ക് ലഭിക്കും.
അപകടമുണ്ടായോ? 20 രൂപ പ്രീമിയത്തിൽ രണ്ട് ലക്ഷം രൂപ വരെ
അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ ഇൻഷുറൻസ് നൽകുന്ന സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന. നേരത്തെ പ്രീമിയം തുക 12 രൂപയായിരുന്നെങ്കിലും ജൂൺ മുതൽ 20 രൂപയായി ഉയർത്തിയിട്ടുണ്ട്. 18 മുതൽ 70 വയസ് വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. അപകടം മൂലം മരണം സംഭവിച്ചാലോ പൂർണ്ണമായ അംഗ വൈകല്യം ഉണ്ടായാലോ പോളിസി ഉടമകൾക്ക് രണ്ട് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.ഭാഗികമായ അംഗവൈകല്യത്തിനു ഒരു ലക്ഷം രൂപ വരെ ലഭിക്കും. വളരെ കുറഞ്ഞ വാർഷിക പ്രീമിയം തുകയാണ് സവിശേഷത. ജൂൺ ഒന്ന് മുതൽ മെയ് 31 വരെയായിരിക്കും പോളിസി കാലാവധി. കാലാവധി തീർന്ന ശേഷം പോളിസി പുതുക്കാൻ ആകും. സാധാരണക്കാരായ ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ഗാര്‍ഡുകൾ തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവർ എല്ലാം കുറഞ്ഞ പ്രീമിയം തുകയിലെ ഇൻഷുറൻസ് സംരക്ഷണം ഉറപ്പാക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആത്മഹത്യ, മദ്യം, മയക്കുമരുന്ന് ദുരുപയോഗം മുതലായവ മൂലമുള്ള മരണങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ല. ഈ സ്കീമിന് കീഴിൽ ചേരുന്ന ഒരാൾക്ക് സ്കീമിൽ ചേർന്ന് 45 ദിവസത്തിന് ശേഷം മാത്രമേ ക്ലെയിമിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. അപകടമുണ്ടായി ഒരു മാസത്തിനുള്ളിൽ ക്ലെയിം സമർപ്പിക്കാം.