ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 17,818 വ്യാജ സ്ഥാപനങ്ങള്‍ വഴി 35,132 കോടി രൂപയുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് കേസുകള്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി കണക്കുകള്‍. കുറ്റകൃത്യത്തിലേര്‍പ്പെട്ട 69 പേരെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ ഡാറ്റാ അനലിറ്റിക്സ് വഴിയും , ഇന്റലിജന്‍സ് വഴിയും വ്യാജ സ്ഥാപനങ്ങളെ കണ്ടെത്താന്‍ പതിവായി പരിശോധന നടത്തുമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ പറഞ്ഞു. വ്യാജ സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിന് ആഗസ്ത് 16 നും ഒക്ടോബര്‍ 30 നും ഇടയില്‍ പ്രത്യേക പരിശോധന നടത്തിയതായി മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റുമായി ബന്ധപ്പെട്ട തട്ടിപ്പ് കണ്ടെത്തിയതിലൂടെ 6,484 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാനായി. ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തടഞ്ഞതിലൂടെ 5,422 കോടി രൂപയും തുക വീണ്ടെടുത്തതിലൂടെ 1,062 കോടി രൂപയും ലഭിച്ചു. തട്ടിപ്പുകളുടെ സൂത്രധാരന്മാരെ കണ്ടെത്തി നടപടിയെടുക്കുന്നതിന് സിജിഎസ്ടി നിയമത്തില്‍ മതിയായ നിയമ വ്യവസ്ഥകള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.