ഇന്ത്യൻ വിപണിയിൽ പ്രതിവർഷം ഒരു കോടി ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം പറഞ്ഞു. 2030 ഓടെ ഈ വിഭാഗത്തിൽ ഏകദേശം അഞ്ച് കോടി തൊഴിലവസരങ്ങൾ സൃഷ്‍ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹൻ ഡാറ്റാബേസ് പ്രകാരം 34.54 ലക്ഷം ഇവികൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് 19-ാമത് ഇവി എക്‌സ്‌പോ 2023-നെ അഭിസംബോധന ചെയ്‍ത് സംസാരിക്കുന്നതിനിടെ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു
ലോകത്തെ ഒന്നാം നമ്പർ ഇവി നിർമ്മാതാക്കളാകാൻ ഇന്ത്യക്ക് കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ശുദ്ധമായ ഊർജ ഉൽപ്പാദനത്തിലും വലിയ തോതിലുള്ള പ്രയോഗത്തിലും ഇന്ത്യയെ സ്വയംപര്യാപ്‍ത രാജ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിലുള്ള മലിനീകരണ വാഹനങ്ങൾ ഹൈബ്രിഡ്, സമ്പൂർണ ഇവികളാക്കി മാറ്റാനും സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. നിയമങ്ങൾ അന്തിമമാക്കിയതായും സാങ്കേതികവിദ്യ വിജയകരമായി പ്രദർശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പൊതുഗതാഗതവും ലോജിസ്റ്റിക്സും ഇവികളിലേക്ക് മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നിതിൻ ഗഡ്‍കരി ഹൈഡ്രജൻ ഇന്ധനത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിരുന്നു. പൊതു അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യ സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രജനെ ഭാവിയിലെ ഇന്ധനമായി വിശേഷിപ്പിച്ച നിതിൻ ഗഡ്കരി, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനായി പ്രവർത്തിക്കുകയാണെന്നും വ്യക്തമാക്കി.