ആഗോള വിപണികളിൽ മാന്ദ്യസൂചന ,ഇന്ത്യ ഭേദപ്പെട്ട നിലയിൽ

കയറ്റുമതിയിലും വ്യവസായ വളർച്ചയിലും കുത്തനെ ഇടിവ്, ചില്ലറ, മൊത്ത വ്യാപാര മേഖലകളിൽ വിലക്കയറ്റം ,വർദ്ധിക്കുന്ന പലിശനിരക്ക്, ഡോളറിനെതിരെ കറൻസിയുടെ മൂല്യതകർച്ച, കുത്തനെ കയറുന്ന എണ്ണ-പ്രകൃതിവാതക വില…! സാമ്പത്തിക ദുർനിമിത്തങ്ങൾ ഇന്ത്യയെ മാത്രമല്ല ലോകത്തെയാകെ ഗ്രസിക്കുകയാണ്. ആഗോള മാന്ദ്യത്തിൻറെ അതിശൈത്യത്തിലേക്ക് ആണ് ഈ പ്രയാണം.

      കോവിഡ് ദുരിതകാലം കഴിഞ്ഞ് വിപണികൾ ഉണർന്നു തുടങ്ങിയപ്പോഴാണ് യുക്രെയിൻ യുദ്ധം പൊട്ടിവീണത്. എണ്ണവിലയും പ്രകൃതിവാതക വിലയും കുത്തനെ കയറി. സർവ്വ സാധനങ്ങൾക്കും വിലക്കയറ്റമായിരുന്നു ലോക വിപണികളിൽ ആകെ. തണുപ്പിൽ നിന്ന് രക്ഷനേടാൻ ഊർജ്ജ ഉപഭോഗം ഏറ്റവും കൂടുതൽ ആവുന്ന ശിശിരകാലം ആണ് യൂറോപ്പിനെ തുറിച്ചുനോക്കുന്നത്.    പ്രകൃതിവാതക വില കുതിക്കുമ്പോൾ സർവ്വ ബജറ്റുകളുടെയും താളംതെറ്റും.ഉപഭോക്തൃ ഉൽപ്പന്നങ്ങൾ ആർക്കും വാങ്ങാൻ കഴിയാതാകും. ഇതാണ് ആഗോള സാമ്പത്തികമാന്ദ്യം ആയി പരിണമിക്കുന്നത്.

         ലോകം മാന്ദ്യത്തിൽ ആകുമ്പോൾ ഇന്ത്യയ്ക്ക് മാറിനിൽക്കാൻ ആകുമോ? ചില കണക്കുകൾ നോക്കുക-മൊത്തവില സൂചിക 14 ശതമാനത്തിലെത്തി,യുക്രെയ്ൻ യുദ്ധം തുടങ്ങുമ്പോൾ ഡോളറിന് 74 രൂപ, ഇന്ന് 82 രൂപയിലേറെ, വ്യവസായ വളർച്ച നിരക്ക് 20 ശതമാനത്തിൽനിന്ന് ജൂണിൽ 12 ശതമാനത്തിലേക്ക് താഴ്ന്നു.യുക്രെയ്ൻ യുദ്ധം തുടങ്ങുമ്പോൾ ബാരലിന് 96 ഡോളർ ഉണ്ടായിരുന്ന എണ്ണവില 123 ഡോളറിലേക്ക് കയറുന്നതാണ് പിന്നെ കണ്ടത്,മാന്ദ്യത്തിൽ ഉപഭോഗം കുറഞ്ഞിട്ടും എണ്ണവില ഇപ്പോഴും 92 ഡോളറിലാണ്.

       പാശ്ചാത്യ വിപണികളിൽ കയറ്റുമതി ചരക്കിന് ആവശ്യം കുറയുകയാണ്. രൂപയുടെ വിലയിടിവു മൂലം കയറ്റുമതികാർക്ക് ലാഭം എന്ന് തോന്നാമെങ്കിലും ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ വേണ്ട  അസംസ്കൃത വസ്തുക്കളുടെ (ഇൻപുട്ട്) ചെലവിലും വൻവർധന ആണുള്ളത്.

          മറ്റെല്ലാ രാജ്യങ്ങളെക്കാളും വളർച്ചനിരക്ക് കണ്ടതിനാൽ ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പ്രശസ്തി ഇന്ത്യയ്ക്കു ലഭിച്ചിരുന്നു. ഇപ്പോഴാകട്ടെ പഴയ പ്രവചനങ്ങൾ തിരുത്തി ധനകാര്യ സ്ഥാപനങ്ങളെല്ലാം ഇന്ത്യയുടെ ഇക്കൊല്ലത്തെ വളർച്ചനിരക്ക് കുറയ്ക്കുകയാണ്. കഴിഞ്ഞ ജൂണിൽ 7.5% പ്രവചിച്ചിരുന്നതിൽനിന്ന് മൂന്ന് മാസം കൊണ്ട് 6.5 ശതമാനത്തിലേക്ക് താഴ്ത്തി. സാമ്പത്തിക വർഷം തുടക്കത്തിൽ 8.7 ശതമാനം വരെ പ്രവചിച്ചിരുന്നതിൽനിന്നാണ് പടിപടിയായി താഴ്ത്തിയത്. റിസർവ് ബാങ്ക് പോലും ഇപ്പോൾ 7% വളർച്ച മാത്രമേ കാണുന്നുള്ളൂ.

         ആഗോള സമ്പത്ത് വ്യവസ്ഥയുടെ ഇല പൊഴിയലുകൾ മാത്രമാണ് ഈ കാണുന്നതെന്നും ഇനി വരാൻ പോകുന്നത് ഇതിലും രൂക്ഷമായ ശൈത്യകാലം ആണെന്നും വിലയിരുത്തപ്പെടുന്നു. എരിതീയിൽ യുക്രെയിൻ യുദ്ധം എണ്ണ കോരി ഒഴിക്കും. എല്ലാ ബിസിനസ് സ്ഥാപനങ്ങളും നീണ്ട ശൈത്യം നേരിടാനുള്ള കരുതിവെക്കലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

        ഇന്ത്യ, ജപ്പാൻ, ഇൻഡോനേഷ്യ, വിയറ്റ്നാം, സൗദി, പോർച്ചുഗൽ എന്നീ 7 രാഷ്ട്രങ്ങൾക്കു മാന്ദ്യം നേരിടാനുള്ള കരുത്ത് കൂടുതലുണ്ടെന്ന് ആഗോള നിക്ഷേപകനും എഴുത്തുകാരനുമായ രുചിർ ശർമ പറയുന്നു. ‘താരതമ്യേന ഉയർന്ന വളർച്ചാ നിരക്കും ചെറിയ വിലക്കയറ്റവും ഓഹരിവിപണിയിലെ ലാഭവും നല്ല ലക്ഷണങ്ങളാണ്, പക്ഷേ നയംമാറ്റമോ അലസതയോ വന്നാൽ അവയും വീഴാം, വേണം ജാഗ്രത.’

ആഗോള തലത്തിൽ വൻകിട കമ്പനി മേധാവികൾക്കിടയിൽ കെപിഎംജി (kpmg)നടത്തിയ സർവേയിൽ കണ്ടെത്തിയത് അവരിൽ 86 ശതമാനം പേരും കരുതുന്നത് മാന്ദ്യകാലം വരുന്നു എന്നാണ്.  കോവിഡാനന്തര പുനരുജ്ജീവനം ദുഷ്ടകരം ആവും. അതിനാൽ പുതിയ റിക്രൂട്ട്മെൻറ് നിർത്തുന്നു. നിലവിലുള്ളവരെ കുറയ്ക്കാനും തുടങ്ങി. ട്വിറ്ററും, ആമസോണും, വിപ്രോയും,  ഫോർഡും, ടെസ്‌ലയും, നെറ്റ്ഫ്‌ളിക്സും, സീമെൻസും, ഫേസ്ബുക്കും, ലേ ഓഫ് തുടങ്ങിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *