അദാനി ഗ്രൂപ്പ് 215 കോടി ഡോളറിന്റെ കടബാധ്യത പൂർണമായി തീർത്തതായി ഗ്രൂപ്പ് വൃത്തങ്ങൾ അവകാശപ്പെട്ടു. ഓഹരികൾ പണയപ്പെടുത്തിയാണ് വായ്പ നേടിയത്. ഇതു വഴി അദാനി ഗ്രീൻ, അദാനി പോർട്സ്, അദാനി ട്രാൻസ്മിഷൻ, അദാനി എന്റർപ്രൈസസ് എന്നിവയുടെ കട ബാധ്യത ഗണ്യമായി കുറഞ്ഞതായി ഗ്രൂപ്പ് പറഞ്ഞു. ഓഹരികൾക്കെതിരായി അദാനി ഗ്രൂപ്പ് എടുത്ത വായ്പകൾ ഈ മാസം അവസാനത്തോടെ തിരിച്ചടയ്ക്കുമെന്ന് ഗ്രൂപ്പ് പറഞ്ഞിരുന്നു.
അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾക്കിടയിൽ പ്രതിഛായ മെച്ചപ്പെടുത്താനാണ് വായ്പകൾ നേരത്തേ അടച്ചു തീർക്കുന്നത്. ഓഹരി വിറ്റഴിച്ച് കടബാധ്യത കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് 4 കമ്പനികളിൽ പ്രമോട്ടർക്കുള്ള ഓഹരികളിൽ ചെറിയ ശതമാനം 15,446 കോടി രൂപയ്ക്ക് ഈ മാസം ആദ്യം യുഎസ് ആസ്ഥാനമായ ജിക്യു ജി പാർട്ണേസിന് വിറ്റിരുന്നു. അദാനി ഗ്രൂപ്പ് പ്രഖ്യാപനം ഓഹരി വിപണിയിലും ഉണർവ് ഉണ്ടാക്കി. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത 10 ഓഹരികളിൽ 7 എണ്ണത്തിന്റെ വില കയറി.