2047ന് അകം ഇന്ത്യ വികസിത രാജ്യമായി മാറുമെന്നും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നിവയിൽ ലോകത്ത് ഒന്നാമതാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ 9 വർഷം തന്റെ സർക്കാർ നൽകിയ രാഷ്ട്രീയസ്ഥിരതയുടെ ഫലമാണു രാജ്യം കൈവരിച്ച സാമ്പത്തികവളർച്ച. 2014നു മുൻപു രാജ്യം കണ്ട അസ്ഥിരസർക്കാരുകൾക്കു കാര്യമായി ഒന്നും ചെയ്യാനായില്ല. രാജ്യത്തെ ഓരോ പൗരന്റെയും വളർച്ച ഉറപ്പാക്കുന്ന ‘സബ്കാ സാഥ്, സബ്കാ വിശ്വാസ്’ യജ്ഞം ലോകത്തിനു മാതൃകയാണെന്നും ജി 20 സമ്മേളനത്തിനു മുന്നോടിയായി വാർത്താഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
നിരുത്തരവാദപരമായ സാമ്പത്തികനയങ്ങളും ജനങ്ങളെ ആകർഷിക്കാനുള്ള നടപടികളും ഹ്രസ്വകാല രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സഹായിക്കുമെങ്കിലും സാമൂഹിക,സാമ്പത്തിക മേഖലകളിൽ ഭാവിയിൽ അതിനു വലിയ വില നൽകേണ്ടി വരും. സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോയ രാജ്യങ്ങൾ സാമ്പത്തിക അച്ചടക്കത്തിനു കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങി. സാമ്പത്തിക അച്ചടക്കത്തിൽ ശ്രദ്ധവേണമെന്നു സംസ്ഥാന സർക്കാരുകളോടു താൻ ആവശ്യപ്പെടാറുണ്ടെന്നും മോദി പറഞ്ഞു.
കശ്മീർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ജി 20 യോഗങ്ങൾ നടത്തിയതിൽ ചൈന എതിർപ്പുന്നയിച്ചതിനെ മോദി തള്ളിക്കളഞ്ഞു. രാജ്യത്തിന്റെ എല്ലായിടത്തും ജി 20 യോഗങ്ങൾ സംഘടിപ്പിക്കുന്നതു സ്വാഭാവികമാണ്. ജനങ്ങളുടെ കഴിവിലുള്ള വിശ്വാസം കൊണ്ടാണു ഡൽഹിക്കു പുറത്തു വലിയ പരിപാടികൾ സംഘടിപ്പിച്ചത്. മുൻ സർക്കാരുകൾക്ക് ഈ വിശ്വാസമുണ്ടായിരുന്നില്ല.
സൗരോർജത്തിനു പിന്നാലെ ജൈവ ഇന്ധനവുമായി ബന്ധപ്പെട്ടും രാജ്യാന്തര കൂട്ടായ്മ രൂപീകരിക്കാനുള്ള ഇന്ത്യയുടെ നിർദേശം ഊർജമേഖലയ്ക്കു കരുത്തു പകരും. ജി 20യിൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുമെന്നും സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ ആഗോളസഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.