ഫെയ്സ്ബുക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ 2023-24ൽ ഇന്ത്യയിൽ നിന്ന് നേടിയ ലാഭം 504.93 കോടി രൂപ. തൊട്ടുമുൻവർഷത്തേക്കാൾ 43% അധികമാണിത്. പ്രവർത്തന വരുമാനം 9.3% ഉയർന്ന് 3,034.8 കോടി രൂപയായി.
കമ്പനി റജിസ്ട്രാർ ഓഫ് കമ്പനീസിന് സമർപ്പിച്ച കണക്കുകൾ അടിസ്ഥാനമാക്കി ബിസിനസ് ഗവേഷണ സ്ഥാപനമായ ടോഫ്ലർ പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യങ്ങളിൽ നിന്ന് മാത്രം മെറ്റ 22,730.7 കോടി രൂപ നേടി. 2022-23ലെ 18,308 കോടി രൂപയിൽ നിന്നാണ് വളർച്ച.സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് നേടിയ വരുമാനം 5,921.1 കോടി രൂപ. 2022-23ലെ 4,700 കോടി രൂപയേക്കാൾ 26% കൂടുതൽ. ലാഭം 1,342.5 കോടി രൂപയിൽ നിന്ന് 1,424.9 കോടി രൂപയിലെത്തി. വളർച്ച 6%. ഡിജിറ്റൽ പരസ്യങ്ങളിലുണ്ടായ വളർച്ച മികച്ച വരുമാനം കഴിഞ്ഞവർഷം നേടാൻ ഗൂഗിളിന് സഹായകമായി.
31,221 കോടി രൂപയാണ് ഗൂഗിളിന്റെ മൊത്ത പരസ്യവരുമാനം. 2022-23ലെ 28,040 കോടി രൂപയേക്കാൾ 11.3% അധികം.