2023 ഓട്ടോ എക്‌സ്‌പോയിൽ പത്ത് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുമെന്ന് കിയ ഇന്ത്യ പ്രഖ്യാപിച്ചു. ഒരു പുതിയ കൺസെപ്റ്റ് ഇവി, പുതിയ ആര്‍വി ഉൽപ്പന്നങ്ങൾക്കൊപ്പം ചില പ്രത്യേക വാഹനങ്ങൾ എന്നിവയും ഇക്കൂട്ടത്തില്‍ ഉൾപ്പെടുന്നു. കിയയുടെ സ്റ്റാളിന്റെ പ്രധാന ഹൈലൈറ്റ് പുതിയ കൺസെപ്റ്റ് ഇവി ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബ്രാൻഡ് നിലവിൽ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന പുതിയ AY കോംപാക്റ്റ് എസ്‌യുവിയായിരിക്കാം ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പ് സോനെറ്റിന് മുകളിലും സെൽറ്റോസിന് താഴെയും സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനർത്ഥം ഇത് സോനെറ്റിനേക്കാൾ വലുതായിരിക്കും, അതിനാൽ യാത്രക്കാർക്ക് മികച്ച ക്യാബിൻ ഇടം ഉണ്ടായിരിക്കും. അല്ലെങ്കിൽ ഈ ഇവി നിർമ്മാതാവ് കുറച്ച് ദിവസങ്ങളായി ടീസ് ചെയ്‍തുകൊണ്ടിരിക്കുന്ന EV9 കൺസെപ്റ്റ് എസ്‌യുവി ആയിരിക്കാം. നിർമ്മാതാവ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മൂന്ന് ഡോർ ഇലക്ട്രിക് എസ്‌യുവിയാണ് EV9 കൺസെപ്റ്റ്.
കിയ സൂചിപ്പിച്ച RV ഒരുപക്ഷേ ആഗോള വിപണിയിൽ ലോഞ്ച് ചെയ്‌ത പുതിയ തലമുറ കാർണിവല്‍ ആയിരിക്കാനും സാധ്യതയുണ്ട്. പുതിയ തലമുറ കാർണിവലിന്‍റെ വില നിലവിലെ കാർണിവലിനേക്കാൾ വളരെ കൂടുതലായിരിക്കും. ഇത് കൂടുതൽ പ്രീമിയം ഉൽപ്പന്നമായിരിക്കും എന്നതാണ് ഈ വിലക്കൂടുതലിന്‍റെ കാരണം.
ബ്രാൻഡ് ഇതിനകം തന്നെ അതിന്റെ സോഷ്യൽ മീഡിയയിൽ ന്യൂ-ജെൻ കാർണിവലിനെ ടീസ് ചെയ്യുന്നുണ്ട്. ആഗോള വിപണിയിൽ, 291 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന 3.5 ലിറ്റർ പെട്രോൾ എഞ്ചിനും 198 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് കാർണിവൽ വിൽക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഡീസൽ എഞ്ചിൻ തുടർന്നും ലഭിക്കാനും പെട്രോൾ എഞ്ചിനുകൾ ഓഫർ ചെയ്യാനും സാധ്യതയേറെയാണ്.
പുതിയ തലമുറ കാർണിവലിനെ KA4 എന്ന് വിളിക്കാനും സാധ്യതയുണ്ട്. പുതിയ തലമുറ കാർണിവലിനൊപ്പം നിലവിലെ കാർണിവലും വിൽക്കാനും സാധ്യതയുണ്ട്. ആഗോള വിപണിയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റും EV6 ഇലക്ട്രിക് ക്രോസ്ഓവറും നിർമ്മാതാവ് പ്രദർശിപ്പിച്ചേക്കാം. കൂടാതെ, സോനെറ്റ് കോംപാക്ട് എസ്‌യുവി, കാരൻസ് എംപിവി എന്നിവയും പ്രദർശിപ്പിക്കാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.