ആഗോള ഓഹരി നിക്ഷേപകരെ സംബന്ധിച്ച് കടന്നു പോകുന്ന 2022 വര്‍ഷം സംഭവബഹുലമായിരുന്നു. ഉക്രൈന്‍ യുദ്ധവും ഉയര്‍ന്ന പണപ്പെരുപ്പവും കമ്മോഡിറ്റിയുടേയും കറന്‍സി വിനിമയ നിരക്കിലേയും ചാഞ്ചാട്ടങ്ങളും കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ പലിശ നിരക്ക് വര്‍ധനയും ചൈനയിലെ കര്‍ശന കോവിഡ് നിയന്ത്രണങ്ങളുമൊക്കെ വിവിധ ഘട്ടങ്ങളില്‍ ആഗോള ഓഹരി വിപണികളെ പിടിച്ചുലച്ചു
ഈവര്‍ഷത്തെ തിരിച്ചടികളിലായി 14 ലക്ഷം കോടി ഡോളറിന്റെ (14 ട്രില്യന്‍ ഡോളര്‍) മൂല്യത്തകര്‍ച്ച എങ്കിലും ആഗോള തലത്തിലെ ഓഹരികളില്‍ നേരിട്ടുവെന്നാണ് അനുമാനം. ഇതോടെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഏറ്റവും മോശം വര്‍ഷമെന്ന ചീത്തപ്പേരും 2022-ന് ചാര്‍ത്തിക്കിട്ടും. പണപ്പെരുപ്പത്തെ തുടര്‍ന്ന് വിവിധ കേന്ദ്രബാങ്കുകള്‍ 300-ഓളം പലിശ നിരക്ക് വര്‍ധനകള്‍ നടത്തിയതും 3 തവണ 10 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കിയ റാലികള്‍ അരങ്ങേറിയതും ഒക്കെയായി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ കാഠിന്യവും കൂടുതലായിരുന്നു.
ഇന്ത്യയുടെ 2022 വര്‍ഷത്തിലെ പ്രകടനം
വര്‍ഷം മുഴുവന്‍ കടുത്ത ചാഞ്ചാട്ടം നേരിട്ടുവെങ്കിലും ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ പ്രകടനമാണ് ഇന്ത്യന്‍ ഓഹരി വിപണി കാഴ്ചവെച്ചത്. എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റിയും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സും 5 ശതമാനത്തോളം നേട്ടം ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ രേഖപ്പെടുത്തുന്നു. ജൂണ്‍ മാസത്തില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ പ്രധാന സൂചികകള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് വീണുപോയിരുന്നു. എന്നാല്‍ പിന്നീടുള്ള 6 മാസത്തിനിടെ 25 ശതമാനത്തിലധികം കുതിച്ചുയരാനും നവംബര്‍ അവസാനത്തോടെ സര്‍വകാല റെക്കോഡ് നിലവാരം തിരുത്തിയെഴുതാനും സൂചികകള്‍ക്ക് സാധിച്ചു. ഈവര്‍ഷം സെന്‍സെക്‌സിലെ താഴ്ന്ന നിലവാരം 50,921-ലും ഉയര്‍ന്ന നിലവാരം 63,583-ലും രേഖപ്പെടുത്തി.
അതേസമയം 2022-ല്‍ സെന്‍സെക്‌സ് സൂചികയില്‍ 1000 പോയിന്റിലധികം നേട്ടം കരസ്ഥമാക്കിയ റാലികള്‍ക്ക് 14 തവണ സാക്ഷ്യം വഹിച്ചു. ഫെബ്രുവരി 25-ന് രേഖപ്പെടുത്തിയ 1,736 പോയിന്റ് കുതിപ്പാണ് സെന്‍സെക്‌സിലെ ഈവര്‍ഷത്തെ ഏറ്റവും മികച്ച പ്രതിദിന നേട്ടം. അതുപോലെ ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 24-ന് നേരിട്ട 2,702 പോയിന്റ് തകര്‍ച്ചയാണ് സൂചികയിലെ ഏറ്റവും കനത്ത പ്രതിദിന നഷ്ടം. അതേസമയം കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ തിളങ്ങിനിന്ന ഐടി, ഫാര്‍മ മേഖലയിലെ ഓഹരികള്‍ 2022-ല്‍ തിരിച്ചടി നേരിട്ടു. എന്നാല്‍ പവര്‍, യൂട്ടിലിറ്റി, കാപിറ്റല്‍ ഗുഡ്‌സ്, എനര്‍ജി എന്നിവയുടെ സെക്ടറല്‍ സൂചികകള്‍ 20 മുതല്‍ 30 ശതമാനം നേട്ടം കരസ്ഥമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും അദാനി ഗ്രൂപ്പിന്റേയും ഓഹരികള്‍ നിക്ഷേപകര്‍ക്ക് സുവര്‍ണനേട്ടം സമ്മാനിച്ചപ്പോള്‍ പേടിഎം പോലെയുള്ള പുതുതലമുറ കമ്പനികളുടെ ഓഹരികള്‍ കനത്തനഷ്ടവും നല്‍കി.