2000 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കും;

2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍.

നെടുമങ്ങാട് താലൂക്കിലെ കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന 250-ാം നമ്പര്‍ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കി കേരളത്തിലെ പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതിയാണ് കെ സ്റ്റോറുകള്‍. നവ കേരളത്തിന്റെ നവീന റേഷന്‍ഷോപ്പുകളാണ് കെ സ്റ്റോറുകള്‍. പഴയ റേഷന്‍കടകളുടെ ഭൗതിക സാഹചര്യങ്ങളുയര്‍ത്തി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കി റേഷന്‍ കടകളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റിയത് ഈ സര്‍ക്കാര്‍ ചെയ്ത പ്രധാന കാര്യങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു

ശബരി ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, യൂട്ടിലിറ്റി പെയ്‌മെന്റ്‌സ്, ഛോട്ടുഗ്യാസ്, 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ കെ സ്റ്റോറുകളിലൂടെ ലഭ്യമാകും. കൂടാതെ വ്യവസായ വകുപ്പിന്റെ 96 എം.എസ്.എം.ഇ ഉത്പ്പന്നങ്ങള്‍, കൃഷി വകുപ്പിന്റെ വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവയും കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ പൊതുവിതരണ രംഗത്ത് കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കൂടുതല്‍ അരി വിഹിതം കേരളം ആവശ്യപ്പെട്ടിട്ടും കേന്ദ്രം നല്‍കുന്നില്ല. ചില മാസങ്ങളില്‍ റേഷന്‍കടകളില്‍ ബാക്കിയുള്ള അരി അധികമായി തുടര്‍മാസങ്ങളില്‍ വിതരണം ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടും കേന്ദ്രം നല്‍കുന്നില്ലെന്നും മന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *