നോട്ടുനിരോധനത്തിന് ശേഷം 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി. എന്നാൽ പരിമിതമായ സമയത്തിനുള്ളിൽ നോട്ട് നിരോധനം നടപ്പാക്കേണ്ടതിനാലും ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ അച്ചടിക്കാനുള്ള ശേഷിക്കുറവും സമയക്കുറവും കാരണമാണ് മോദി 2000 രൂപയുടെ നോട്ടുകൾ ഇറക്കാൻ സമ്മതിച്ചതെന്നും മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 2000 നോട്ടിനെ പൂഴ്ത്തിവെക്കാൻ ഉപയോഗിച്ചേക്കാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും മിശ്ര പറഞ്ഞു. രാജ്യത്തിന് പുറത്ത് കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനെ പ്രധാനമന്ത്രി അനുകൂലിച്ചിരുന്നില്ല. നോട്ടുനിരോധനത്തിന് ശേഷം നിലവിലെ കറൻസി നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകണമെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു
1000, 500 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് കുറച്ചുകാലത്തേക്കു പുതിയ നോട്ടുകൾ ഇറക്കേണ്ടിയിരുന്നു. അസാധുവാക്കപ്പെട്ട നോട്ടുകൾ സ്വീകരിക്കുകയും പുതിയ നോട്ടുകൾ പുറത്തുകൊണ്ടുവരുകയും ചെയ്യുന്ന സന്ദർഭത്തിൽ പുതിയ നോട്ടുകൾ അച്ചടിക്കാനുള്ള ശേഷി കുറവായിരുന്നു. അങ്ങനെയാണ് 2000 രൂപയുടെ നോട്ട് എന്ന തീരുമാനത്തിലെത്തുന്നത്. കള്ളപ്പണം തടയാനാണ് ശ്രമമെന്നും വലിയ നോട്ട് വന്നാൽ പൂഴ്ത്തിവെക്കാനുള്ള ശേഷി വർധിക്കുമെന്നും പ്രധാനമന്ത്രി മോദിക്ക് അന്നേ തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ അച്ചടി രണ്ടോ മൂന്നോ ഷിഫ്റ്റുകൾ നടത്തിയാലും ലക്ഷ്യം നേടാനാകില്ലെന്നും അദ്ദേഹത്തോട് പറഞ്ഞപ്പോൾ പരിമിതമായ കാലയളവിലേക്ക് 2000 രൂപ നോട്ട് അച്ചടിക്കാൻ മാത്രമാണ് അനുമതി തന്നത്.
2018 മുതൽ 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ല. ബാങ്കുകളിൽ നിന്ന് വന്ന 2000 രൂപ നോട്ടുകൾ ആർബിഐയും തിരികെ വിപണിയിൽ എത്തിച്ചിട്ടില്ല. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ 2000 രൂപ നോട്ടുകളുടെ ലക്ഷ്യം പൂർത്തീകരിച്ചെന്നും അതുകൊണ്ടാണ് പൂർണമായി പിൻവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.