സ്കൂളുകളിലെ തസ്തിക നിർണയത്തിനായി നടത്തിയ പരിശോധനയിൽ 2 ലക്ഷം കുട്ടികളുടെ ആധാർ വിവരങ്ങളിൽ കൃത്യതയില്ലെന്ന കണ്ടെത്തലിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 1.25 ലക്ഷം കുട്ടികളുടെ ആധാർ അസാധുവായതും 79,000 പേർക്ക് യുഐഡി ഇല്ലാത്തതുമായ പ്രശ്നങ്ങളാണു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് നടത്തിയ വിശകലനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
പോർട്ടലിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലമാകാം ആധാറിലും പൊരുത്തക്കേട് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ ആധാർ വിവരങ്ങൾ കൈറ്റിനു ലഭ്യമായിരുന്നില്ല. സർക്കാർ, അൺ എയ്ഡഡ് സ്കൂളുകളിലെ വിവരങ്ങളുടെ പരിശോധന വൈകാതെ ആരംഭിക്കും.
എണ്ണായിരത്തോളം കുട്ടികളുടെ ആധാർ വിവരങ്ങളിൽ ഇരട്ടിപ്പ് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ആകെ 33,44,858 കുട്ടികളുടെ വിവരങ്ങളാണ് തസ്തിക നിർണയത്തിനായി പരിശോധിച്ചത്. ഇതിൽ 31.51 ലക്ഷം കുട്ടികളുടെ ആധാർ വിവരങ്ങൾ മാത്രമാണ് സാധുവായിട്ടുള്ളത്. 79,291 കുട്ടികൾ യുഐഡി രേഖപ്പെടുത്തിയിട്ടില്ല. ഒരു സബ് ജില്ലയിൽ ഇത്തരത്തിൽ ശരാശരി 1186 കുട്ടികളുടെ വിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ട്. അസാധുവായതും ആധാർ ഇല്ലാത്തതുമായ 1.94 കുട്ടികളെയാണ് കണ്ടെത്തിയിരിക്കുന്നത്.