രാജ്യത്തെ 2ജി, 3ജി ടെലികോം സേവനം അവസാനിപ്പിക്കാൻ കേന്ദ്രം നയം രൂപീകരിക്കണമെന്ന് റിലയൻസ് ജിയോ സർക്കാരിനോട് ആവശ്യപ്പെട്ടു. 5ജിയുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് (ട്രായ്) നൽകിയ കത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
സാധാരണ ഫീച്ചർ ഫോണുകളും മറ്റും 2ജി ശൃംഖയാണ് ഉപയോഗിക്കുന്നത്. ബിഎസ്എൻഎൽ ഭൂരിഭാഗം സ്ഥലങ്ങളിലും 3ജി സേവനമാണ് നൽകുന്നത്. 4ജി നടപ്പായിത്തുടങ്ങുന്നതേയുള്ളൂ. 2ജി, 3ജി നിർത്തലാക്കിയാൽ സാധാരണ ഫോൺ ഉപയോഗിക്കുന്നവർ സ്മാർട്ഫോണുകളിലേക്ക് മാറേണ്ടി വരും. 25 കോടിയോളം പേർ നിലവിൽ 2ജി സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
അനാവശ്യമായ നെറ്റ്‍വർക്ക് ചെലവുകൾ ലാഭിക്കാനാണ് നിർദേശമെന്ന് ജിയോ ചൂണ്ടിക്കാട്ടി. ഇവ നിർത്തലാക്കുന്നതോടെ എല്ലാ ഉപയോക്താക്കളും 4ജി അല്ലെങ്കിൽ 5ജി ശൃംഖലയിലേക്ക് മാറുമെന്നാണ് കമ്പനിയുടെ വാദം.2ജി ഉപയോക്താക്കളെ 4ജി, 5ജി ശൃംഖലയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ടെന്ന് വോഡഫോൺ–ഐഡിയയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ജിയോയ്ക്ക് 2ജി ശൃംഖലയില്ല. എയർടെലിനും വോഡഫോൺ–ഐഡിയയ്ക്കും 2ജി ഉപയോക്താക്കളുണ്ട്.