13km സ്പീഡിൽ ഓടിക്കാൻ തിരുവനന്തപുരം–കണ്ണൂർ വേഗപ്പാതയാക്കുന്നു

130 കിലോമീറ്റർ സ്പീഡിൽ ട്രെയിൻ ഓടിക്കാൻ പാകത്തിൽ വികസിപ്പിക്കാനുള്ള പാതകളുടെ പട്ടികയിൽ കേരളത്തിലെ 3 സെക‍്ഷനുകൾ അടക്കം 53 റൂട്ടുകൾ കൂടി റെയിൽവേ ഉൾപ്പെടുത്തി. തിരുവനന്തപുരം–കോഴിക്കോട് (ആലപ്പുഴ വഴി), തിരുവനന്തപുരം– മധുര, കോഴിക്കോട്–കണ്ണൂർ റൂട്ടുകളാണ് ഇവ.

തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ആലപ്പുഴ വഴി ഒരു വന്ദേഭാരത് ട്രെയിൻ കൂടി ഓടിക്കാൻ ഇത് അവസരമൊരുക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. നിലവിലുള്ള വന്ദേഭാരത് ട്രെയിൻ കോട്ടയം വഴിയാണ് ഓടുക. വന്ദേഭാരത് അനുവദിച്ചപ്പോൾത്തന്നെ കേരളത്തിലെ ട്രാക്കിൽ വേഗം കൂട്ടാനുള്ള കർമ പദ്ധതി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് 53 പുതിയ പാതകൾ 130 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ പാകത്തിൽ വികസിപ്പിക്കാനുള്ള പട്ടിക വന്നത്. 

എ തൊട്ട് ഇ കാറ്റഗറി വരെ വിവിധ വേഗത്തിലുള്ള പാതകളാണ് റെയിൽവേയ്ക്കുള്ളത്. ഇതിൽ എ കാറ്റഗറിയിൽ 160 കിലോമീറ്റർ സ്പീഡിലും ബിയിൽ 130 കിലോമീറ്റർ സ്പീഡിലും ഓടിക്കാം. പുതിയ പട്ടികയിൽ തിരുവനന്തപുരം–കോഴിക്കോട് 400 കിലോമീറ്റർ വേഗം കൂട്ടും. കണ്ണൂർ–കോഴിക്കോട് 89 കിലോമീറ്റർ, തിരുവനന്തപുരം–മധുര 310 കിലോമീറ്റർ എന്നിവയും പുതിയ സിഗ്നലിങ്ങും വളവു നിവർത്തലുമടക്കമുള്ള പ്രവൃത്തികളിലൂടെ വേഗം കൂട്ടും.

Leave a Reply

Your email address will not be published. Required fields are marked *