കഷ്മൻ ആൻഡ് വെയ്ക്ഫീൽഡ് ഇന്ത്യ റിസർച് നടത്തിയ പഠനത്തിലാണ് 10 – 12 വർഷത്തിനുള്ളിൽ കേരളം രാജ്യത്തെ ആദ്യ സമ്പൂർണ നഗരവൽകൃത സംസ്ഥാനമായി മാറിയേക്കും എന്ന ഈ വെളിപ്പെടുത്തൽ.2035ൽ സംസ്ഥാനത്തിന്റെ 95% പ്രദേശങ്ങളും നഗര സ്വഭാവം കൈവരിക്കുമെന്നാണു സൂചന.
കേരളത്തിലെ എല്ലാ ജില്ലകളുംതന്നെ അതിവേഗം വികസിക്കുകയും നഗര സ്വഭാവം ആർജ്ജിക്കുകയും ചെയ്യുന്നുവെന്നതാണു വലിയ പ്രത്യേകത. രാജ്യത്തെ അതിവേഗം വളരുന്ന 10 നഗരങ്ങളിൽപ്പെടുന്ന കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകൾ മാത്രമല്ല, പാലക്കാടും കോഴിക്കോടും തൃശൂരുമൊക്കെ അതിവേഗം നഗരവൽക്കരണത്തിന്റെ വഴിയിലാണ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, എല്ലാ ജില്ലകൾക്കും ഏറെക്കുറെ വികസന രീതിയിൽ സമാനതകളുള്ളതും കേരളത്തിന്റെ നഗരവൽക്കരണത്തിനു വേഗം കൂട്ടുന്നതായി പഠനം വ്യക്തമാക്കുന്നു.അതിദ്രുതം വ്യവസായവൽക്കരണം നടക്കുന്ന തെലങ്കാനയാണു രണ്ടാമത്; 57%. കർണാടക മേഖല 50%. ദേശീയ ശരാശരി 39% മാത്രം. 2011 ജനസംഖ്യാ കണക്കെടുപ്പിൽ 48% മാത്രമായിരുന്നു കേരളത്തിലെ നഗരവൽക്കരണം!